തിരുവനന്തപുരം :- ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക കണ്ടെത്തൽ. സ്വർണ വ്യാപാരി ഗോവർദ്ധന് ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയ സ്വർണം കണ്ടെടുത്ത് എസ്ഐടി. ബല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നാണ് അന്വേഷണ സംഘം സ്വർണം വീണ്ടടുത്തത്. ഇന്നലെ വൈകുന്നേരം എസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വർണ കട്ടികളാണ് കണ്ടെടുത്തത്. 400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് * സ്വർണ്ണനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടിൽ നിന്നാണ് സ്വർണ നാണയങ്ങൾ കസ്റ്റഡിയിലെടുത്തത്. രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്.
ശബരിമലയിലെ സ്വർണ പാളികളിൽ നിന്ന് വേർതിരിച്ച സ്വർണം കർണാടകയിലെ സ്വർണ വ്യാപാരിക്ക് ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റുവെന്ന് എസ്ഐടി ഇന്നലെ കണ്ടെത്തിരുന്നു. ബല്ലാരി സ്വദേശിയായ ഗോവർദ്ധനാണ് സ്വർണം വിറ്റതെന്ന് സമ്മതിച്ച് പോറ്റിയും വാങ്ങിയതായി ഗോവർദ്ധനും അന്വേഷണ സംഘത്തിന് മൊഴി നൽകി. ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ സുഹൃത്താണ് ബെല്ലാരിയിലെ റോഡം ജ്വല്ലറി ഉടമയായ ഗോവർദ്ധൻ. ശാന്തിക്കാരനായിരിക്കെ ശ്രീറാംപുരിയിലെ അയ്യപ്പ ക്ഷേത്രത്തിൽ വച്ചാണ് അയ്യപ്പ ഭക്തനായ ഗോവർധൻ പോറ്റിയെ പരിച്ചയപ്പെടുന്നത്. ശബരിമലയിലെ കീഴ്ശാന്തിയുടെ പരികർമ്മിയും പിന്നീട് സ്പോൺസറുമായി പോറ്റി എത്തിയപ്പോഴും സൗഹൃദം തുടർന്നു. കട്ടിളപാളികൾ ചെന്നൈ സ്‌മാർട് ക്രിയേഷൻസിലെത്തിച്ചപ്പോൾ പൂശാനായി സ്വർണം നൽകിയത് ഗോവർദ്ധനാണ്. ഇതിന് ശേഷമാണ് ദ്വാരപാലക ശിൽപ്പത്തിന്റെ പാളികളെത്തിക്കുന്നത്.
ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക സംഘത്തിൻ്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബംഗളൂരുവിൽ എത്തിച്ചാണ് അന്വേഷണ സംഘത്തിൻ്റെ തെളിവെടുപ്പ്. ബംഗളൂരുവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്, ബെല്ലാരിയിൽ സ്വർണം വിൽപ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുന്നത്. ഈ മാസം 30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. സ്‌മാർട്ട് ക്രിയേഷനിൽ നിന്ന് ലഭിച്ച സ്വർണ്ണം സുഹൃത്ത് ഗോവർദ്ധനന് കൈമാറി എന്നാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ മൊഴി. ഇത്തരത്തിൽ കൈമാറിയ സ്വർണം കണ്ടെത്താൻ ആകുമോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ശ്രീകോവിൽ കട്ടിളപ്പാളികൾ സ്വർണം പൂശാൻ നേരത്തെ ഗോവർദ്ധൻ സ്വർണം നൽകിയിരുന്നു. ദേവസ്വം ബോർഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും.
