മയ്യിൽ:- ഉത്തരമേഖല വള്ളുവൻകടവ് വള്ളംകളി മത്സരത്തിലെ പതിനഞ്ച് പേർ തുഴയുന്ന പുരുഷൻമാരുടെയും വനിതകളുടെയും ചുരുളൻ വള്ളംകളി മത്സരത്തിൽ പാലിച്ചോന്‍ ജലരാജൻ പട്ടം കരസ്ഥമാക്കി.ന്യൂ ബ്രദേഴ്സ് മയ്യിച്ചയ്ക്ക് രണ്ടും എകെജി മയ്യിച്ചയ്ക്ക് മൂന്നും സ്ഥാനവും ലഭിച്ചു. വനിതകളുടെ മത്സരത്തിൽ രണ്ടാം സ്ഥാനം വയൽക്കര വെങ്ങോട്ടും മൂന്നാം സ്ഥാനം വയൽക്കര മയ്യിച്ചയും പങ്കിട്ടു.
25 പേർ തുഴഞ്ഞ പുരുഷൻമാരുടെ ഫൈനൽ മത്സരത്തിൽ വയൽക്കര വേങ്ങോട്ടിന് ഒന്നാം സ്ഥാനം ലഭിച്ചു. പാലിച്ചോൻ അച്ചാംതുരുത്തിന് രണ്ടും ന്യൂ ബ്രദേഴ്സിന് മൂന്നും സ്ഥാനം ലഭിച്ചു.പുഴക്കരയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷത വഹിച്ചു. നടി സൗപർണിക സുഭാഷ്, ഡി എസ് സി കമാൻഡന്റ് കേണൽ പരംവീർ നാഗ്ര എന്നിവർ ചേർന്ന് വള്ളം കളി ഫ്ളാഗ് ഓഫ് ചെയ്തു.
സ്വാഗതസംഘം ചെയർമാൻ രാജൻ അഴീക്കോടൻ, കെ അച്യുതൻ, കെ വി മുരളി മോഹൻ, പി ശ്രുതി എന്നിവർ സംസാരിച്ചു. മൂന്ന് വിഭാഗങ്ങളിലെയും ഒന്ന് രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് വള്ളുവൻകടവ് മുത്തപ്പൻ ക്ഷേത്രം കാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു.
