തിരുവനന്തപുരം സെൻട്രൽ - കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ഇന്ന് മുതൽ ചങ്ങനാശ്ശേരിയിലും സ്റ്റോപ്പ്


ചങ്ങനാശ്ശേരി :- 12082 നമ്പർ തിരുവനന്തപുരം സെൻട്രൽ - കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ഇന്ന് മുതൽ ചങ്ങനാശ്ശേരിയിലും സ്റ്റോപ്പ്. തിരിച്ചുള്ള 12081 നമ്പർ കണ്ണൂർ - തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദ‌ി എക്‌സ്പ്രസിനും ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ ജനശതാബ്ദി എക്‌സ്പ്രസിനെ വരവേറ്റ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ചങ്ങനാശ്ശേരിയിൽ നിന്നുമുള്ള ട്രെയിനിന്റെ ഫ്ലാഗ് ഓഫും നിർവഹിച്ചു.

42030 ന് മുൻപ് ഇന്ത്യയിൽ റെയിൽവേ ഗേറ്റുകൾ ഇല്ലാതാകുമെന്ന് ജോർജ് കുര്യൻ പറഞ്ഞു. റെയിൽവേ വികസനത്തിന്റെ ഭാഗമായി ആധുനിക ട്രെയിനുകൾ വരുന്നതോടെ റെയിൽവേ ഗേറ്റുകളെല്ലാം അണ്ടർബ്രിഡ്‌ജുകളോ ഓവർബ്രിഡ്‌ജുകളോ ആയി മാറും. ഇന്ത്യയിൽ ഇനി വരാൻ പോകുന്നത് വന്ദേഭാരത് ട്രെയിനുകളാണെന്നും, വൈകാതെ കൂടുതൽ ആധുനിക സൗകര്യങ്ങളുള്ള അതിവേഗ ട്രെയിനുകൾ വരുമെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.

ഭാവിയിൽ ദീർഘദൂര, അതിവേഗ ട്രെയിനുകളടക്കം എല്ലാ സ്റ്റേഷനുകളിലും നിർത്തുമെന്ന് കേന്ദ്രമന്ത്രി പ്രസ്‌താവിച്ചു. കേരളത്തിൽ 35 റെയിൽവേ സ്റ്റേഷനുകളെ അമൃത് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്റ്റേഷനുകളുടെ വികസനത്തിനായി 2500 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാവിയിൽ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളും അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കപ്പെടുമെന്നും ജോർജ് കുര്യൻ പറഞ്ഞു.

റോഡുകളും റെയിൽപ്പാതകളുമാണ് രാജ്യത്തിന്റെ പുരോഗതിയ്ക്ക് ആധാരമെന്ന് പറഞ്ഞ കേന്ദ്ര സഹമന്ത്രി, സമാന്തരപാതയായി വികസിപ്പിക്കപ്പെടുന്ന ശബരി പാത, പുനലൂർ റയിൽപ്പാത എന്നിവയുമായി ചങ്ങനാശ്ശേരി ബന്ധിപ്പിക്കപ്പെടുമെന്നും പ്രഖ്യാപിച്ചു. രാജ്യത്തെ റെയിൽവേ മേഖലയിൽ ഒരു വലിയ മാറ്റം നടക്കുകയാണെന്നും, ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി എംപിമാർക്കും എംഎൽഎമാർക്കും ട്രെയിൻ സ്റ്റോപ്പുകൾ ആവശ്യപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചങ്ങനാശ്ശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷന്റെ നിർമാണപ്രവർത്തനങ്ങൾ പുരോ ഗമിക്കുകയാണെന്നും, യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ചങ്ങനാശ്ശേരി സ്റ്റേഷൻ വരുമാനത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Previous Post Next Post