CGHS ചികിത്സാ പദ്ധതി നിരക്ക് ഉയർത്തി ; പുതിയ നിരക്കുകൾ ഒക്ടോബർ 13 മുതൽ പ്രാബല്യത്തിൽ


കോഴിക്കോട്  :- കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ചികിത്സാ പദ്ധതിയായ സിജിഎച്ച്എസിലെ (സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം) നിരക്കുകൾ ഉയർ ത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു. ഒരു കോടിയോളം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്തരവിന്റെ പ്രയോജനം ലഭിക്കും. നിരക്ക് ഉയർത്തിയത് മികച്ച ചികിത്സ ലഭിക്കാനും കൂടുതൽ ആശുപത്രികൾ പദ്ധതിയിൽ ചേരാനുമിടയാക്കും. പണമടച്ചു ചികിത്സ നേടിയ ശേഷം തിരികെ നൽകുന്ന തുകയും ഉയർത്തി. ഈ മാസം 13 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. 15 വർഷത്തിനിടെ ഇത്രയും വലിയ നിരക്കു വർധന ആദ്യമാണ്. 2000 ൽ പരം ചികിത്സകൾക്കും പരിശോധനകൾക്കും വർധന ബാധകമാണ്.

പുതിയ നിരക്കിൽ ചികിത്സ നൽകാൻ താൽപര്യമുള്ള ആശുപത്രികൾ 90 ദിവസത്തിനകം ആരോഗ്യമന്ത്രാലയവുമായി കരാറൊപ്പിടണം. നിലവിൽ സ്കീം നടപ്പാക്കുന്ന സ്വകാര്യ ആശുപത്രികളുമായുള്ള ധാരണാപത്രം ഈ മാസം 13ന് അവസാനിച്ചതായി കണക്കാക്കുമെന്നും ഉത്തരവിലുണ്ട്. ഇവരിൽ പുതിയ നിരക്കിലേക്കു മാറാൻ താൽപര്യമുള്ളവർ അതു വ്യക്തമാക്കുന്ന സാക്ഷ്യപത്രം 13ന് മുൻപ് നൽകണം. 

ജീവനക്കാരുടെയും പെൻഷൻ കാരുടെയും സംഘടനകൾ വർധനയെ സ്വാഗതം ചെയ്തു. നിരക്കുകളിൽ വർധന വരുത്താതിരുന്നതിനെ തുടർന്നു പല ആശുപത്രികളും പണമടയ്ക്കാതെയുള്ള ചികിത്സ നൽകാതിരിക്കുകയോ പദ്ധതിയിൽ നിന്നു പുറത്തു പോവുകയോ ചെയ്‌തിരുന്നു. പലർക്കും അടിയന്തര ചികിത്സ പോലും നിഷേധിക്കപ്പെട്ടു. പെൻഷനേഴ്‌സ്‌ അസോസിയേഷൻ അടക്കമുള്ള സംഘടനകൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ് ചികിത്സാ നിരക്കു വർധന.

Previous Post Next Post