GST പരിഷ്കരണത്തിൽ പരാതികൾ കൂടുന്നു


മുംബൈ :- ജിഎസ്‌ടി പരിഷ്ക്കരണത്തിനുശേഷം വിവിധ സംശയങ്ങളും വില സംബന്ധിച്ച ആശയക്കുഴപ്പങ്ങളും ചൂണ്ടിക്കാട്ടി പരാതികളുടെ പ്രളയം. സെപ്റ്റംബർ 22-നുശേഷം ഇതുവരെ ദേശീയ ഉപഭോക്തൃ ഹെൽപ്പ്ലൈനിലും മറ്റുമായെത്തിയത് 3,981 പരാതികളാണ്. ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ മാത്രം 2,700 പരാതികൾ വന്നതായാണ് കണക്ക്. ഇതിൽ വലിയ ഭാഗവും പാലുത്പന്നങ്ങളുടെയും ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും വില സംബന്ധിച്ചുള്ളവയായിരുന്നു. മൊത്തം പരാതികളിൽ 69 ശതമാനം വരെ തർക്കങ്ങളുൾപ്പെട്ടതാണ്. ബാക്കി 31 ശതമാനം സംശയങ്ങളാണെന്നും കേന്ദ്ര ഉപഭോക്തൃകാര്യ പൊതുവിതരണ മന്ത്രാലയം അറിയിച്ചു. തർക്കങ്ങൾ എത്രയും വേഗം പരിഹരിക്കാനാണ് ശ്രമമെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട ബ്രാൻഡ് ഉടമകളെയും ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെയും വിവരം അറിയിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 

പാൽ വിലയിൽ കമ്പനികൾ കുറവു വരുത്തിയിട്ടില്ലെന്നാണ് പ്രധാനപരാതി. ഫ്രഷ് പാൽ നേരത്തേത്തന്നെ ജി എസ്ടിയിൽ നിന്ന് ഒഴിവാക്കിയിരുന്നതാണെന്ന് കേന്ദ്ര ഉപഭോക്ത്യ സംരക്ഷണ അതോറിറ്റി (സിസിപിഎ) അറിയിച്ചു. ഉയർന്ന താപനിലയിൽ സംസ്കരിച്ച പാലിന് ഇപ്പോൾ ജിഎസ്‌ടി ഒഴി വാക്കിയിട്ടുണ്ട്. ഓൺലൈനായി വാങ്ങുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിലയെക്കുറിച്ചും ഒട്ടേറെ പരാതികൾ വരുന്നു. ലാപ് ടോപ്പുകൾ, റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ എന്നിവയെക്കു റിച്ചാണ് ആക്ഷേപങ്ങൾ. ടെലിവിഷൻ, മോണിറ്ററുകൾ, ഡിഷ് വാഷർ, എസി എന്നിവയുടെ ജിഎസ്ടി 28 ശതമാനമായിരുന്നത് 18 ആയി കുറച്ചിട്ടുണ്ട് ലാപ്ടോപ്പ്, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ എന്നിവയുടെ ജിഎസ്ട‌ി നേരത്തേതന്നെ 18 ശതമാനമായിരുന്നുവെന്ന് സിസിപിഎ വ്യക്തമാക്കുന്നു.

എൽപിജി സിലിൻഡർ, പെട്രോൾ എന്നിവയുടെ വില സംബന്ധിച്ചും ആക്ഷേപങ്ങളുണ്ട്. എൽപിജി സിലിൻഡറിന് അഞ്ചു ശതമാനം ജിഎസ്‌ടി ബാധകമാണ്. അതിൽ മാറ്റം വരുത്തിയിട്ടില്ല. പെട്രോൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പരാതികളിൽ 1,992 എണ്ണം കേന്ദ്ര പരോക്ഷ നികുതി ബോർഡിന് (സിബിഐസി) കൈമാറിയതായും സിസിപിഎ അറിയിച്ചു. 761 എണ്ണമാണ് കമ്പനികളുടെ പരിഗണനയ്ക്കായി അയച്ചത്. പരാതികളിലെ നടപടികളെക്കുറിച്ച് നിരീക്ഷിക്കും. കമ്പനികൾ വീഴ്ച വരുത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും സിസിപിഎ പറയുന്നു.

Previous Post Next Post