ന്യൂഡൽഹി :- വാഹന മലിനീകരണം കാലപ്പഴക്കത്തെ മാത്രം ആശ്രയിച്ചല്ലെന്നു സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ബി.ആർ ഗവായ് പറഞ്ഞു. ഡൽഹി-എൻസിആറിലെ വായു മലിനീകരണക്കേസ് പരിഗണിക്കുന്നതിനിടെയാണു ചീഫ് ജസ്റ്റിസ് ഇക്കാര്യം വാക്കാൽ പരാമർശിച്ചത്.
വാഹനങ്ങളുടെ മലിനീകരണം കണക്കാക്കാൻ സഞ്ചരിച്ച ദൂരവും കണക്കിലെടുക്കണം. ചില വാഹനങ്ങൾ വർഷം 30,000 കിലോമീറ്റർവരെ ഓടുമ്പോൾ ജഡ്ജിമാരുടെ ഔദ്യോഗിക വാഹനങ്ങൾ പോലെയുള്ളവ 5 വർഷത്തിനുള്ളിൽ 15,000 കിലോമീ റ്റർ മാത്രമേ ഓടിയിട്ടുണ്ടാകു എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഡൽഹി എൻസിആർ മേഖലയിലെ 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരോധിക്കുന്നതു തടഞ്ഞുകൊണ്ടുള്ള കോടതിയുടെ മുൻ ഉത്തരവ് അഡിഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പരാമർശം.
വായു മലിനീകരണം തടയാൻ ഡൽഹിയിൽ നടപ്പാക്കുന്ന ഗ്രാപ് നടപടികളിൽ നിന്ന് ബിഎസ്-IV വാഹനങ്ങളെ ഒഴിവാക്കിയതുപോലെ 15 വർഷത്തിലേറെ പഴക്കമുള്ള ബിഎസ്-III വാഹനങ്ങളെയും ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. മലിനീകരണം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഉചിതമായ നടപടികൾ സ്വീകരിക്കാൻ എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവിലുണ്ട്.