കുന്നത്തൂർപാടി തിരുവപ്പന ഉത്സവത്തിന് ഡിസംബർ 17 ന് തുടക്കമാകും


ശ്രീകണ്ഠപുരം :- കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന ഉത്സവം 17 മുതൽ ജനുവരി 16 വരെ നടക്കും. ഉത്സവത്തിന് മുന്നോടിയായുള്ള പാടിയിൽ പണി 10 ന് തുടങ്ങും. കാടു കയറിക്കിടക്കുന്ന പാടിയും പരിസരവും വൃത്തിയാക്കുന്ന ചടങ്ങാണിത്. പാടിയിൽ പണി 15ന് സമാപിക്കും. മലമുകളിലെ മുത്തപ്പൻ സ്ഥാനത്ത് താൽക്കാലിക മടപ്പുര, നായനാരുടെ കങ്കാണിയറ, അടിയന്തിരക്കാർക്കുള്ള പന്തൽ എന്നിവയെല്ലാം ഒരുക്കുന്നത് പാടിയിൽ പണിയുടെ സമയത്താണ്. കാട്ടിൽ സ്‌ഥിരമായ നിർമാണം പാടില്ലാത്തതു കൊണ്ടാണ് ഒരു മാസത്തെ ഉത്സത്തിനാവശ്യമായ താൽക്കാലിക സംവിധാനങ്ങൾ കാട്ടിൽ ഒരുക്കുന്നത്. നേരത്തേ ഇരുമ്പായുധങ്ങൾ ഉപയോഗിക്കാതെയായിരുന്നു പാടിയിൽ പണി നടത്തിയിരുന്നത്. ഉത്സവകാലത്തു മാത്രമാണ് പാടിയിൽ പ്രവേശനം. മറ്റ് ദിവസങ്ങളിൽ ചടങ്ങുകൾ നടക്കുന്നത് താഴെ പൊടിക്കളത്താണ്.

17ന് വൈകിട്ട് 6 ന് പാടിയിൽ പ്രവേശിക്കൽ ചടങ്ങ് നടക്കും. ഓടച്ചൂട്ടുകളുടെ വെളിച്ചത്തിൽ അടിയന്തിരക്കാരും കരക്കാട്ടിടം വാണവരും ചന്തൻ, കോമരം, എന്നിവരും ഭണ്ഡാരപ്പെട്ടിയും പാടിയിൽ പ്രവേശിക്കുന്നത് ഈ സമയത്താണ്. കുന്നത്തൂർപാടിയിൽ തിരുവപ്പന കെട്ടാനുള്ള പരമ്പരാഗത അവകാശം പാനൂരിലെ അഞ്ഞൂറ്റാൻമാർക്കാണ്. ഉത്സവകാലത്ത് പാടിയിൽ കത്തിക്കാനുള്ള ഓടച്ചൂട്ടുകൾ ഉണ്ടാക്കാനുള്ള ഓടകൾ പാടിയിൽ എത്തിത്തുടങ്ങി. ഓടച്ചൂട്ടുകളുടെ വെളിച്ചത്തിലാണ് തിരുവപ്പന ഉറഞ്ഞാടുക. രാത്രി കാട്ടിൽ ഓടച്ചൂട്ടുകളുടെ വെളിച്ചത്തിൽ ഉറഞ്ഞാടുന്ന തിരുവപ്പന മനോഹരമായ കാഴ്‌ചയാണ്. ഗോത്ര സംസ്കാരത്തെ ഓർമിക്കുന്ന ഇത്തരം ചടങ്ങുകൾ കാണാനാണ് രാത്രി പാടിയിൽ ഭക്‌തർ എത്തുന്നത്.

Previous Post Next Post