തിരുവനന്തപുരം :- ഹയർ സെക്കൻഡറി അധ്യാപകർക്ക് കൂടുതൽ അക്കാദമിക് മികവ് ആർജിക്കാനുള്ള 'അധ്യാപകപരിവർത്തന പരിപാടി'യിലേക്ക് നാളെ ഡിസംബർ 3 ബുധനാഴ്ച വരെ അപേക്ഷിക്കാം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് പരിപാടി. വൈജ്ഞാനികരംഗത്തെ വികാസങ്ങൾക്കൊപ്പം മുന്നേറാൻ അധ്യാപകരെ പിന്തുണയ്ക്കാനും സർഗാത്മക ചിന്ത പ്രോത്സാഹിപ്പിക്കാനും തൊഴിൽ നൈപുണി വളർത്താനുമായി വിഭാവനം ചെയ്തതാണ് ഈ പഠനപരിപാടി.
40 പേർക്കാണ് ഒരു കേന്ദ്രത്തിലെ ഒരു വിഷയത്തിന് പ്രവേശനം നൽകുന്നത്. മലയാളം, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ് എന്നീ വിഷയങ്ങൾക്കാണ് ഈ വർഷം കോഴ്സ‌്. മികച്ച ബിരുദാനന്തര ബിരുദ പഠന സൗകര്യമുള്ള സർവകലാശാലകൾ, അതിവിശിഷ്ട സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവയാണ് പഠനകേന്ദ്രങ്ങൾ. മുഴുവൻ സമയവും പങ്കാളിത്തമുള്ള 10 ദിവസത്തെ റെസിഡൻഷ്യൽ കോഴ്സാണിത്.
ഗവേഷണം, ചർച്ച, സംവാദം, ലാബ്-ലൈബ്രറി പ്രവർത്തനം, ഫീൽഡ് ട്രിപ്പ്, കലാസ്വാദനം, അവതരണം, വൈദഗ്ധ്യമേഖലകളിൽ പരിശീലനം തുടങ്ങിയവ ഉൾപ്പെടുന്നതാണ് പരിപാടി. പരിശീലനം നേടിയവർക്ക് തുടർന്നുള്ള സേവനകാലയളവിൽ അക്കാദമിക ആവശ്യത്തിനു പ്രയോജനപ്പെടുത്താവുന്ന സർട്ടിഫിക്കറ്റും നൽകും. hscap.kerala.gov.in അപേക്ഷകൾ പ്രിൻസിപ്പലിനു സമർപ്പിക്കണം. പ്രിൻസിപ്പൽ ഡിസംബർ മൂന്നിന് വൈകുന്നേരം 5 മണിക്ക് മുൻപായി ഡയറക്ടറേറ്റിലേക്ക് അയക്കണം.
