തിരുവനന്തപുരം :- വോട്ടെടുപ്പിന് പഞ്ചായത്തുകളിൽ പോളിങ് സ്‌റ്റേഷനിൽ നിന്ന് 200 മീറ്റർ അകലത്തിലും നഗരസഭകളിൽ 100 മീറ്റർ അകലത്തിലും മാത്രമേ രാഷ്ട്രീയ പാർട്ടികളുടെ ബൂത്തുകൾ സ്‌ഥാപിക്കാവൂ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശം. സ്ഥാനാർഥിയുടെ പേര്, പാർട്ടിചിഹ്ന്‌നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ ബൂത്തിൽ സ്ഥാപിക്കാം. പഞ്ചായത്തുകളിൽ പോളിങ് സ്‌റ്റേഷനുകളുടെ 200 മീറ്റർ പരിധിക്കുള്ളിലും നഗരസഭകളിൽ 100 മീറ്റർ പരിധിക്കുള്ളിലും വോട്ട് പിടിക്കാനോ പ്രചാരണം നടത്താനോ പാടില്ല. രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്ക്, വസ്ത്രം, തൊപ്പി എന്നിവ ഈ പരിധിക്കുള്ളിൽ ഉപയോഗിക്കാൻ പാടില്ല.
വോട്ടർമാർക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകൾ വെള്ളക്കടലാസിലായിരിക്കണം. അവയിൽ സ്ഥാനാർഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ ഉണ്ടാകരുത്. രാഷ്ട്രീയ കക്ഷികളോ സ്‌ഥാനാർഥികളോ വോട്ടർമാരെ പോളിങ് സ്‌റ്റേഷനിൽ എത്തിക്കാൻ വാഹന സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്. തിരഞ്ഞെടുപ്പ് നിരീക്ഷകൻ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്‌ഥർ, പ്രിസൈഡിങ് ഓഫിസർ, വെബ് കാസ്‌റ്റിങ് ഓഫിസർ, സെക്ടറൽ ഓഫിസർ എന്നിവർ ഒഴികെ ആരും പോളിങ് സ്‌റ്റേഷനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല.
