മരണസർട്ടിഫിക്കറ്റുകൾക്ക്‌ ഓഫീസുകൾ കയറിയിറങ്ങേണ്ട ; പ്രവാസികളുടെ മരണാനന്തര നടപടികൾ എളുപ്പമാക്കാൻ ദുബൈയിൽ പുതിയ സംവിധാനം ആരംഭിച്ചു


ദുബായ് :- പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ മരണാനന്തര നടപടികൾ എളുപ്പമാക്കാൻ ദുബായിൽ പുതിയ സംവിധാനം ആരംഭിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റി 'ജാബർ' എന്ന പേരിലാണ് ഏകീകൃത സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. മരിച്ചവരുടെ രേഖകൾ ശരിയാക്കാൻ ബന്ധുക്കൾ വിവിധ ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കുകയാണ് എകീകൃതസംവിധാനത്തിന്റെ ലക്ഷ്യം. മരിച്ചവരുടെ കുടുംബത്തിന് സേവനം നൽകാൻ പ്രത്യേകമായി ഒരു സർക്കാർ ഉദ്യോഗസ്ഥനുണ്ടാകും. പുതിയ സംവിധാനത്തിൽ, ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചാൽ പ്രത്യേക അപേക്ഷ നൽകാതെത്തന്നെ മരണസർട്ടിഫിക്കറ്റ് ലഭിക്കും. ഇതുമായി ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളിലേക്കും ഇതിന്റെ അറിയിപ്പ് പോകും.

22 സർക്കാർ വകുപ്പുകളാണ് പുതിയ സംവിധാനത്തിനു കീഴിൽ ഏകീകരിക്കുക. മയ്യത്ത് പരിപാലനം, കബറടക്കം എന്നീ ചടങ്ങുകൾക്കായി 130-ലധികം സന്നദ്ധപ്രവർത്തകരുടെ സേവനം ലഭ്യമാക്കും. മാതാപിതാക്കൾ, കുടുംബാംഗങ്ങൾ എന്നിവരുടെ വിയോഗത്തിൽ കുട്ടികൾക്ക് കൈത്താങ്ങാകാൻ 230 സ്കൂൾ കൗൺസിലർമാരുടെ സേവനം ഈ സംവിധാനത്തിലുണ്ടാകും. ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കാനും ഒത്തുചേരാനും 70 സ്ഥലങ്ങളിൽ പ്രത്യേക ടെന്റുകൾ സജ്ജമാക്കും. പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടികൾ വേഗത്തിലാക്കാനും ഈ സംവിധാനം സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.

Previous Post Next Post