തദ്ദേശ തെരഞ്ഞെടുപ്പ് ; ഒരു വാർഡിൽ ഒരു വോട്ടിങ് യന്ത്രം മാത്രം


കണ്ണൂർ :- സ്ഥാനാർഥികളുടെ എണ്ണം കൂടുതലില്ലാത്തതിനാൽ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും ഒരു ബാലറ്റ് യൂണിറ്റ് മാത്രമേ ഉണ്ടാകൂവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് തിരുവനന്തപുരം കോർപ്പറേഷനിലെ പേട്ട വാർഡിലാണ്, 11 പേർ. 16 സ്ഥാനാർഥികളിൽ കൂടുമ്പോഴാണ് ഒന്നിലധികം ബാലറ്റ് യൂണിറ്റ് വേണ്ടിവരുന്നത്. തിരുവനന്തപുരത്ത് വിഴിഞ്ഞം വാർഡിൽ പത്തും കഴക്കൂട്ടം, ബീമാപള്ളി, കണ്ണമൂല, കൊച്ചി കോർപ്പറേഷനിലെ തൃക്കണാർവട്ടം വാർഡുകളിൽ ഒൻപതു വീതവും സ്ഥാനാർഥികളുണ്ട്.

ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള ഗ്രാമപ്പഞ്ചായത്ത് വാർഡ് കോട്ടയം കുറുവിലങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ കോളേജ് വാർഡാണ്, ഒൻപത്. ഗ്രാമപ്പഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽസ്ഥാനാർഥിക ളുള്ളത് കണ്ണൂർ ജില്ലയിലെ കുന്നോത്തുപറമ്പിലാണ് - 102. ഏറ്റവും കുറവ് സ്ഥാനാർഥികളുള്ളത് മലപ്പട്ടത്താണ്-25. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ ഉള്ളത് കോഴിക്കോട് കുന്നമംഗലത്താണ്-76. എറണാകുളത്തെ പള്ളുരുത്തി, ഇടുക്കി ജില്ലയിലെ ഇടുക്കി എന്നിവ സ്ഥാനാർഥികൾ കുറവുള്ള ബ്ലോക്ക് പഞ്ചായത്തുകളാണ്-36 വീതം. ജില്ലാപഞ്ചായത്തുകളിൽ 126 പേർ മത്സരിക്കുന്ന മലപ്പുറമാണ് മുന്നിൽ, കുറവ് പത്തനംതിട്ടയിൽ-54 പേർ.

യുവസ്ഥാനാർഥികളിൽ കൂടുതലും യുവതികളാണ്.25 വയസ്സിൽത്താഴെയുള്ള സ്ഥാനാർഥികൾ 1183. ഇതിൽ 917 യുവതികൾ, 266 യുവാക്കൾ. സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലും നഗരസഭാ കോർപ്പറേഷനുകളിലും ആകെ സ്ഥാനാർഥികളുടെ എണ്ണം 75,644 ആണ്. ഇതിന്റെ 1.56 ശതമാനമാണ് 25 വയസ്സിൽത്താഴെയുള്ളവർ. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യതാപ്രായമായ 21 വയസ്സ് മാത്രമുള്ള 149 പേരുണ്ട്. 130 യുവതികളും 19 യുവാക്കളുമാണ് ഈ വിഭാഗത്തിൽ.

Previous Post Next Post