ഡോഡ :- ജമ്മു കശ്‌മീരിലെ ഡോഡയിൽ പൊലീസ് നടത്തിയ സംയുക്ത തിരച്ചിലിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി. ഠത്രി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഭലാരാ വനമേഖലയിൽ ഞായറാഴ്ച നടത്തിയ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പിന്റെ നീക്കത്തിലാണ് വലിയ ഒളിത്താവളം കണ്ടെത്തിയത്. സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്.എസ്.പി.) ഡോഡ സന്ദീപ് മേത്തയുടെ മേൽനോട്ടത്തിലാണ് ഓപ്പറേഷൻ നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരു എസ്എൽആർ റൈഫിളും വെടിയുണ്ടകളും കണ്ടെടുത്തു.
ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തത് മേഖലയിലെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ദേശവിരുദ്ധ ശക്തികളെ തടയുന്നതിനും നിർണായകമാണെന്ന് ജമ്മു കശ്മീർ പോലീസ് പ്രസ്തതാവനയിൽ പറയുന്നു. ഡോഡ ജില്ലയിൽ സമാധാനവും സുസ്ഥിരതയും പൊതു സുരക്ഷയും നിലനിർത്തുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ ഓപ്പറേഷൻ തെളിയിക്കുന്നതെന്നും പൊലീസ് പറയുന്നു. പിടിച്ചെടുത്ത ആയുധങ്ങളുടെ ഉറവിടം കണ്ടെത്താനും ഇത് ഒളിപ്പിച്ചുവെച്ച വ്യക്തികളെയോ ഗ്രൂപ്പുകളെയോ തിരിച്ചറിയാനും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
