പുതുവർഷത്തിൽ റെയിൽവേ കുതിക്കും ; ആദ്യ ഹൈഡ്രജൻ, ബുള്ളറ്റ് ട്രെയിൻ 2026-ൽ ട്രാക്കിലിറങ്ങും


കണ്ണൂർ :- പുതുവർഷത്തിൽ ബുള്ളറ്റ് ട്രെയിനും ഹൈഡ്രജൻ തീവണ്ടിയുമായി റെയിൽവേ പറക്കും. ആദ്യ ഹൈഡ്രജൻ തീവണ്ടി 2026-ൽ ട്രാക്കിലിറങ്ങും. ഹരിയാണയിലെ ജിന്ദ്-സോനാപത് ആണ് റൂട്ട്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് രൂപകൽപ്പന. ആദ്യ ഘട്ടത്തിൽ 35 ഹൈഡ്രജൻ തീവണ്ടി ഓടിക്കാനാണ് റെയിൽവേയുടെ പദ്ധതി. ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ റീച്ച് പരീക്ഷണ ഓട്ടവും ഈ വർഷം നടക്കും. 508 കി ലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് പാതയിൽ 320 കിലോമീറ്ററാണ് വേഗം. നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് നേതൃത്വം. പ്രധാന മേഖലകളിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള സാധ്യതാപഠനം നടത്താൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. വന്ദേശ്രേണിയിലെ വന്ദേ സ്ലീപ്പർ ജനുവരിയിൽ ഓടും. 160 കിലോമീറ്ററാണ് വേഗം.

ഡൽഹി-മുംബൈ പാതയിലെ കോട്ട ഡിവിഷനിൽ പരീക്ഷണ ഓട്ടം നടത്തി. രാജസ്ഥാനിലെ ജോധ്‌പുർ ഡിവിഷനിൽ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹൈ-സ്പീഡ് ട്രെയിനിൻ്റെ പരീക്ഷണ ട്രാക്ക് 2026ൽ പൂർത്തിയാകും. 64 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ട്രാക്കിൽ 220 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾ ഓടിച്ച് പരീക്ഷിക്കും. ഷൊർണൂർ-മംഗളൂരു സെക്ഷനിൽ തീവണ്ടിവേഗം മാർച്ചിനുള്ളിൽ 130 കിലോമീറ്ററാകും. കേരളം മുഴുവൻ തീവണ്ടികളുടെ ശരാശരി വേഗം 110-ൽ എത്തും. വന്ദേശ്രേണിയിലെ വന്ദേ സ്ലീപ്പർ കേരളത്തിലെത്തും. തിരുവനന്തപുരം-മംഗളൂരു റൂട്ടിലാണ് പ്രതീക്ഷ. കേരളത്തിൽ ഏറ്റവും വേഗക്കുറവുള്ള എറണാകുളം ജങ്ഷൻ-വള്ളത്തോൾ നഗർ റെയിൽ ഇടനാഴിയിൽ (103 കിലോമീറ്റർ) വേഗപ്പൂട്ട് അഴിക്കാൻ ഓട്ടോമാറ്റിക് സിഗ്‌നൽ സംവിധാനം സജ്ജമാകും.

ഡീസൽ, വൈദ്യുതി എൻജിനുകളിൽ നിന്ന് വിഭിന്നമാണ് ഹൈഡ്രജൻ വണ്ടിയുടെ എൻജിൻ. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പ്രാഥമികവിഭവമായി വെള്ളം ഉപയോഗിക്കും. തീവണ്ടിയുടെ ചലനത്തിന് ആവശ്യമായ വൈദ്യുതിക്കായി ഹൈഡ്രജൻ ഇന്ധനസെല്ലുകൾ ഉപയോഗിക്കുന്നു. ഇവ ഓക്‌സിജനുമായി ചേർന്ന് വൈദ്യുതി ഉത്പാദിപ്പിക്കും. ഒരു ഹൈഡ്രജൻ വണ്ടിയുടെ ഓരോ ബോഗിയിലും ഫ്യൂവൽ സെല്ലുകൾ ഉണ്ടാകും. കൂടുത ലായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ലിഥിയം ബാറ്ററിയിൽ ശേഖരിക്കും. തീവണ്ടി പുറംതള്ളുന്നത് നീരാവി മാത്രമാണ്. മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ തീവണ്ടി ഓടിക്കാം.

Previous Post Next Post