ഇറാനിലെ പ്രക്ഷോഭത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 538 പേർ ; പ്രക്ഷോഭകരെ പിന്തുണച്ചാൽ അമേരിക്കയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്


ടെഹ്റാൻ :- ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ആക്‌ടിവിസ്റ്റുകൾ പറയുന്നു. അതേസമയം പ്രക്ഷോഭകരെ പിന്തുണച്ച് അമേരിക്ക സായുധ നീക്കം നടത്തിയാൽ അമേരിക്കയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്നാണ് ഇറാൻ നൽകുന്ന മുന്നറിയിപ്പ്. രാജ്യത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്ത 10600 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്റ്റിവിസ്റ്റ് ന്യൂസ് ഏജൻസിയാണ് - ഇക്കാര്യം വ്യക്തമാക്കിയത്. 2022 ൽ നടന്ന പ്രക്ഷോഭ സമയത്ത് പിടിയിലായവരുടെ കണക്കുകൾ ഈ സംഘടന കൃത്യമായി പുറത്തുവിട്ടിരുന്നു.

ഇറാനിലെമ്പാടും ഇൻ്റർനെറ്റും മൊബൈൽ സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കണക്ക് ഇറാൻ ഭരണകൂടം പുറത്തുവിട്ടിട്ടില്ല. ഇൻന്റർനെറ്റ് സേവനം ലഭ്യമാകാത്തതിനാൽ ഇറാനിൽ നിന്നുള്ള വാർത്തകളും പുറത്തേക്ക് വരുന്നില്ല. വിവരങ്ങൾ റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ ഇറാനിലെ സുരക്ഷാ ഏജൻസികൾ പ്രക്ഷോഭം അടിച്ചമർത്താൻ നടത്തുന്ന ശ്രമങ്ങളിൽ വിദേശരാജ്യങ്ങൾ ആശങ്കയിലാണ്.

ഇതിനിടയിലാണ് ഡോണൾഡ് ട്രംപ് പ്രക്ഷോഭകരെ പിന്തുണച്ച് രംഗത്ത് വന്നത്. മുൻകാലങ്ങളിലൊന്നുമില്ലാത്ത നിലയിൽ ഇറാൻ ഇപ്പോൾ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുകയാണെന്നും അമേരിക്ക സഹായിക്കാൻ തയ്യാറാണെന്നും അദ്ദേഹം സോഷ്യൽ മീഡിയ വഴി അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇറാൻ പാർലമെൻ്റിൽ സംസാരിച്ച മൊഹമ്മദ് ബാഗർ ഖലിബാഫ് യുഎസ് സൈന്യത്തെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയത്. അമേരിക്ക തുലയട്ടെ എന്ന് പാർലമെന്റിലെ അംഗങ്ങൾ ഒന്നടങ്കം മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

Previous Post Next Post