'വിംഗ്‌സ് ഇന്ത്യ'യിൽ തിളങ്ങി, എയർ ഇന്ത്യ എക്സ്പ്രസിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുരസ്‌കാരം


കൊച്ചി :- വിംഗ്‌സ് ഇന്ത്യ 2026ൽ എയർലൈൻ വിഭാഗം വിജയിയായി എയർ ഇന്ത്യ എക്സ്പ്രസ്. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഫിക്കി, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായി ഹൈദരാബാദിൽ സംഘടിപ്പിക്കുന്ന വിംഗ്‌സ് ഇന്ത്യ 2026ൽ പുരസ്കാരം സമ്മാനിക്കും. മികച്ച യാത്രാനുഭവം, കൂടുതൽ കണക്‌ടിവിറ്റി, മെച്ചപ്പെട്ട സേവനങ്ങൾ, ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ ഉപയോഗം, നവീകരണം തുടങ്ങിയ മേഖലകളിലെ മികവാണ് ഈ പുരസ്‌കാരത്തിന് അർഹമാക്കിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ജനുവരി 28നാണ് പുരസ്കാര വിതരണം.

കഴിഞ്ഞ മാസം രാജ്യത്തെ മറ്റ് എയർലൈനുകളെ അപേക്ഷിച്ച് സമയനിഷ്ഠയിൽ എയർ ഇന്ത്യ എക്സ്പ്രസായിരുന്നു മുൻപന്തിയിൽ വിമാന കമ്പനി അവകാശപ്പെടുന്നു. അടുത്തിടെ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഫ്ളീറ്റിലേക്ക് ഉൾപ്പെടുത്തിയ പുതിയ വിമാനങ്ങളിൽ ലെതർ സീറ്റുകൾ, മൂഡ് ലൈറ്റിംഗ്, കൂടുതൽ നിശബ്‌ദമായ ക്യാബിൻ, അധിക സ്റ്റോറേജിനായി വലിയ ഓവർഹെഡ് സ്പേസുകൾ, ഓരോ സീറ്റിനും യുഎസ്ബി സി/എ ഫാസ്റ്റ് ചാർജിംഗ് പോർട്ടുകൾ തുടങ്ങിയവയുണ്ട്. പോയിൻ്റ്-ടു-പോയിന്റ് കണക്ടിവിറ്റിക്കപ്പുറം എയർ ഇന്ത്യയുമായുള്ള കോഡ്ഷെയർ പങ്കാളിത്തവും എയർ ഇന്ത്യ എക്സ്പ്രസിനുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ ഒരു സ്ഥലത്ത് നിന്നും യാത്രികർക്ക് ഒറ്റ പിഎൻആറിൽ നോർത്ത് അമേരിക്ക, യൂറോപ്പ് തുടങ്ങിയ ദീർഘദൂര അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനാകും.

ദക്ഷിണേഷ്യ, തെക്ക്-കിഴക്കൻ ഏഷ്യ, ഗൾഫ് മേഖലകൾ എന്നിവിടങ്ങളിലെ 17 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും ഇന്ത്യയിൽ 45 സ്ഥലങ്ങളിലേക്കും എയർ ഇന്ത്യ എക്‌സ്പ്രസിന് വിമാന സർവീസുകളുണ്ട്. 100ലധികം വിമാനങ്ങൾ ഉപയോഗിച്ച് പ്രതിദിനം 500ലധികം സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ്റെ വിമാന നിരയിലെ മൂന്നിൽ രണ്ടിലധികവും പുതുതായി ഉൾപ്പെടുത്തിയ ബോയിംഗ്, എയർബസ് വിമാനങ്ങളാണ്. പ്രാദേശിക രുചികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഗോർമേർ ഭക്ഷണങ്ങളും ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കായുള്ള എക‌്സ്പ്രസ് ലൈറ്റ് നിരക്കുകളും എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് നൽകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. വിംഗ്സ് ഇന്ത്യയുടെ കഴിഞ്ഞ പതിപ്പിൽ എയർ ഇന്ത്യ എക്സ്പ്രസ് 'സസ്‌റ്റൈനബിലിറ്റി ചാമ്പ്യൻ' അവാർഡ് കരസ്ഥമാക്കിയിരുന്നു.

Previous Post Next Post