പള്ളിക്കുന്ന് :- ക്വാണ്ടം സയൻസ് നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെമ്പാടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ക്വാണ്ടം പൂച്ചകളുടെ പ്രദർശനം പള്ളിക്കുന്ന് വിമൻസ് കോളേജിലും സുവർണ ജൂബിലിയുടെ ഭാഗമായി നടക്കുന്നു. ഇതിൻ്റെ രണ്ടാം ദിനവും ശാസ്ത്രകുതുകികളുടെ വൻ പങ്കാളിത്തം. സൂക്ഷ്മലോകത്തെക്കുറിച്ച് ആഴത്തിൽ അറിയാനും അതുവഴി പല പ്രപഞ്ച രഹസ്യങ്ങളുടെയും ചുരുൾ അഴിക്കാനും വഴിതുറക്കുന്നതാണ് കണ്ണൂർ വനിതാ കോളേജിൽ നടക്കുന്ന ക്വാണ്ടം സയൻസ് പ്രദർശനം.
ലോകത്തെ പരിഷ്കരിച്ച ട്രാൻസിസ്റ്ററും ലേസറും മുതൽ ക്വാണ്ടം കംപ്യൂട്ടർ വരെയുള്ള ധാരാളം സാങ്കേതികവിദ്യകൾക്കു പിന്നിലും ക്വാണ്ടം സയൻസണുള്ളത്. ഹൈസ്കൂൾ മുതൽ പഠിക്കുന്ന പീരിയോഡിക് ടേബിൾ, ആറ്റംഘടന, ഓർബിറ്റൽ തിയറി, സബ് ആറ്റമിക് പാർട്ടിക്കിളുകൾ, സെമികണ്ടക്ടറുകൾ തുടങ്ങിയവയും ഫ്ലൂറസൻസ്, സൂപ്പർ ഫ്ലൂയിഡിറ്റി, സൂപ്പർ കണ്ടക്റ്റിവിറ്റി തുടങ്ങിയ ക്വാണ്ടം പ്രതിഭാസങ്ങളും സാങ്കേതികവിദ്യകളും ശാസ്ത്രജ്ഞരുടെ സംഭാവനകളുമെല്ലാം എക്സിബിറ്റുകളും മെഡലുകളുമായി വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പുതിയ അറിവായി മാറി.
വനിതാ കോളേജിലെ ഡിഗ്രി പിജി ഫാൻസ് വിദ്യാർഥികളാണ് ലളിതമായി ക്വാണ്ടം സയൻസ് സിദ്ധാന്തവും പ്രായോഗിക പരീക്ഷണങ്ങളും പൊതുജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നത്. കണികാപരീക്ഷണശാലയിലേക്ക് ഒരു വെർച്വൽ റിയാലിറ്റി യാത്ര, ക്വാണ്ടം കംപ്യൂട്ടറിനെ പരിചയപ്പെടാം, ക്വാണ്ടം ബയോളജി, ഫോറൻസിക് സയൻസ്, നാനൊ ടെക്നോളജി തുടങ്ങി 28 വിഷയമേഖലകളിലുള്ള എക്സിബിറ്റുകൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.
