ട്രെയിനിൽ മദ്യപാനികളുടെ അക്രമം ; സമീപത്തെ ബെവ്കോ ഔട്‌ലെറ്റുകൾ പൂട്ടണമെന്ന ആവശ്യവുമായി റെയിൽവേ


തിരുവനന്തപുരം :- യാത്രക്കാർ മദ്യപിച്ചു ട്രെയിനിൽ കയറി അക്രമമുണ്ടാക്കുന്നതു തടയാൻ ബവ്റിജസ് കോർപറേഷൻ ഔട്ലെറ്റുകൾ അടച്ചുപൂട്ടണമെന്ന വിചിത്ര ആവശ്യവുമായി റെയിൽവേ. തിരുവനന്തപുരം മുതൽ തൃശൂർ വരെ അധികാരപരിധിയുള്ള റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ നിന്നാണു ബവ്കോയ്ക്കു കത്തുനൽകിയത്. ‌സ്റ്റേഷനുകളുടെ 500 മീറ്റർ ദൂരപരിധിയിൽനിന്നു ബവ്കോ ഔട്ട്ലറ്റുകൾ മാറ്റണമെന്നാണ് ആവശ്യം. ഒരു കേന്ദ്രസർക്കാർ സ്ഥാപനം സംസ്ഥാന സർക്കാരിന്റെ സ്ഥാപനം പ്രവർത്തനം നിർത്താൻ ആവശ്യപ്പെടുന്നത് അപൂർവ നടപടിയാണ്.

കേരള എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റിൽ നിന്നു യുവതിയെ തള്ളിയിട്ട സംഭവത്തിലാണു റെയിൽവേ ബവ്കോ ഔട്ട്ലറ്റുകളെ പ്രതിക്കൂട്ടിലാക്കു ന്നത്. കഴിഞ്ഞ നവംബർ 2 നു വർക്കലയിലായിരുന്നു സംഭവം. പ്രതിയായ യാത്രക്കാരൻ കോട്ടയത്തു നിന്നു മദ്യപിച്ചാണു ട്രെയിനിൽ കയറിയതെന്നു കണ്ടെത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങളിലേക്കു നയിക്കുന്നതു റെയിൽവേ സ്‌റ്റേഷനു സമീപം പ്രവർത്തിക്കുന്ന ബവ്കോ ഔട്ലെറ്റുകളാണെന്ന നിഗമനമാണു റെയിൽവേയുടേത്. കേരളത്തിൽ പല റെയിൽവേ സ്‌റ്റേഷനുകൾക്കും സമീപം ബാറുകളും പ്രവർത്തിക്കുന്നുണ്ടെന്നിരിക്കെയാണു ബവ്കോയോടു മാത്രം നിർദേശം. എന്നാൽ നിയമ പ്രകാരവും സർക്കാരിന്റെ നയം അനുസരിച്ചും റെയിൽവേയുടെ നിർദേശം കേൾക്കേണ്ട ബാധ്യത ബവ്കോയ്ക്ക് ഇല്ല. ആരാധനാലയം, വിദ്യാലയം, ശ്മശാനം, പട്ടിക ജാതി-പട്ടികവർഗ കോളനി എന്നിവിടങ്ങളിൽ നിന്നു മാത്രമാണു ബവ്കോ ഔറ്റ്ലെറ്റും ബാറും സ്ഥാപിക്കുമ്പോൾ നിശ്ചിത ദൂരം പാലിക്കേണ്ടത്.

തൃശൂർ മുളങ്കുന്നത്തുകാവിലെ ബവ്കോ ഔട്ട്ലെറ്റിലേക്ക് ആളുകൾ പ്ലാറ്റ്ഫോം മറി കടന്നു പോകുന്നതു ശല്യമാകുന്നെന്നും റെയിൽവേ ‌സ്റ്റേഷൻ പരിസരത്തിരുന്നു മദ്യപിക്കുനെന്നും ചൂണ്ടിക്കാട്ടി മറ്റൊരു കത്ത് തൃശൂർ ആർപിഎഫ് ബവ്കോയ്ക്കു നൽകി. ഈ ഔട്ട്ലെറ്റ് അടയ്ക്കണമെന്നാണ് ആവശ്യം. എന്നാൽ സ്റ്റേഷനിൽ നിന്ന് 750 മീറ്റർ അകലെയാണ് ഔറ്റ്ലെറ്റ് പ്രവർത്തിക്കുന്നതെന്നും, റെയിൽവേ സ്‌റ്റേഷൻ പരിസരം മദ്യപാനത്തിന് ആളുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ റെയിൽവേ നിയമപ്രകാരം നടപടിയെടുക്കണമെന്നും ബവ്കോ മറുപടി നൽകി.

Previous Post Next Post