റോം :- ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് റോം. ഇന്ത്യൻ ഭരണഘടനയുടെ വാർഷികവുമായി ബന്ധപ്പെട്ടുമായിരുന്നു റോമിലെ ഇന്ത്യൻ എംബസിയിലെ വിപുലമായ ആഘോഷങ്ങൾ. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളും സാംസ്കാരിക പൈതൃകവും പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുന്നതായിരുന്നു ചടങ്ങുകളുടെ മുഖ്യലക്ഷ്യം. പരിപാടിയുടെ ഭാഗമായി, പ്രവാസികൾക്കിടയിൽ ഇന്ത്യൻ സംഗീത പാരമ്പര്യം കാത്തുസൂക്ഷിക്കുകയും, അതിലൂടെ പുതിയ കലാകാരന്മാരെ വളർത്തുകയും ചെയ്യുന്ന റോമിലെ ശ്രദ്ധേയ സാന്നിധ്യമായ സ്ട്രിങ്സ് റോമാ മ്യൂസിക് ബാൻഡ് പ്രത്യേക പ്രകടനം നടത്തി. കഴിഞ്ഞ അഞ്ച് വർഷമായി റോമിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ഈ സംഗീതസംഘം, വന്ദേമാതരം എന്ന ഗാനത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് വന്ദേമാതരം ആലപിച്ചു. സംഗീത പ്രേമികളുടെ മനസ്സിൽ ദേശസ്നേഹത്തിന്റെ ആവേശം നിറച്ച ഈ അവതരണം ചടങ്ങിന് പ്രത്യേക മിനുക്കേകി.
ഇന്ത്യയുടെ സമ്പന്നമായ സംഗീത പൈതൃകവും സാംസ്‌കാരിക ഐക്യവും പ്രതിഫലിപ്പിച്ച പരിപാടി പങ്കെടുത്ത എല്ലാവർക്കും അഭിമാനത്തിന്റെ നിമിഷങ്ങളായി മാറി. 2022-ൽ റോമിലാണ് ഫ്രെനിഷ് കരിപ്പേരിയുടെ നേതൃത്വത്തിൽ 'സ്ട്രിങ്സ് റോമ' എന്ന ഇന്ത്യൻ മ്യൂസിക് ബാൻഡ് സ്ഥാപിതമായത്. ജസ്റ്റിൻ പന്തല്ലൂക്കാരൻ, സജി തട്ടിൽ എന്നിവരുടെ ശക്തമായ പിന്തുണയും പ്രോത്സാഹനവും ഈ ബാൻഡിൻ്റെ രൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. സാമൂഹിക പ്രവർത്തനങ്ങളോടുള്ള അവരുടെ കാഴ്ചപ്പാടും സമർപ്പണവുമാണ് ഈ കൂട്ടായ്മയുടെ അടിത്തറ പാകിയത്. തുടക്കം മുതൽ തന്നെ റോമിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്ന ഈ ബാൻഡിന്റെ പ്രധാന ലക്ഷ്യം ഇന്ത്യൻ സംഗീതത്തിൻ്റെ വൈവിധ്യവും വൈകാരികതയും പ്രചരിപ്പിക്കുക എന്നതാണ്.
