ചെന്നൈ :- ടിവികെ നേതാവ് വിജയ് നായകനായ ജനനായകൻ സിനിമയ്ക്ക് ഉടൻ പ്രദർശനാനുമതി നൽകണമെന്ന സിംഗിൾ ബെഞ്ച് വിധി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മണിക്കൂറുകൾക്കകം സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സെൻസർ ബോർഡ് നൽകിയ അപ്പീൽ ജനുവരി 21-നേ പരിഗണിക്കൂ എന്നതുകൊണ്ട് സിനിമ പൊങ്കൽ ആഘോഷ വേളയിൽ പുറത്തിറങ്ങാനുള്ള സാധ്യത മങ്ങി.
പൊങ്കൽ ആഘോഷവേളയിൽ സിനിമ പുറത്തിറക്കേണ്ടതുകൊണ്ട് കേസിൽ അടിയന്തരമായി വിധി പറയണമെന്ന നിർമാതാക്കളുടെ ആവശ്യം ചീഫ് ജസ്റ്റിസ് എം.എം ശ്രീവാസ്തവയും ജസ്റ്റിസ് ജി.അരുൾമുരുകനുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. ഇതൊരു അടിയന്തര സാഹചര്യമാണെന്ന പ്രതീതി കൃത്രിമമായി സൃഷ്ടിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപ് സിനിമയുടെ റിലീസ് തീയതി നിശ്ചയിച്ചതിന് ന്യായീകരണമില്ലെന്നും കോടതി വ്യക്തമാക്കി. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റോടെ ഉടൻ പ്രദർശനാനുമതി നൽകണമെന്ന് ജസ്റ്റിസ് പി.ടി ആഷയുടെ ബെഞ്ച് വെള്ളിയാഴ്ച രാവിലെ വിധിച്ചിരുന്നു.
