രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായി ; ദേശീയ യുദ്ധസ്മാരകത്തിൽ ധീര സൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി
ദില്ലി :- രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷം തുടങ്ങി. എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ധീര സൈനികർക്ക് ആദരമർപ്പിച്ചു. പ്രതിരോധമന്ത്രിക്കും സേനാ മേധാവികൾക്കുമൊപ്പമാണ് പ്രധാനമന്ത്രിയെത്തിയത്. സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി, വായുസേനാ മേധാവി എപി സിംഗ് എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി ആദരമർപ്പിക്കാനെത്തിയത്. തുടർന്ന് ഡിജിറ്റൽ ഡയറിയിൽ റിപ്പബ്ലിക് ദിന സന്ദേശമെഴുതിയതിന് ശേഷം മോദി കർത്തവ്യപഥിലെത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവും കർത്തവ്യപഥിലെത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ നേതാക്കളാണ് ചടങ്ങിലെ മുഖ്യാതിഥികൾ. നിലവിൽ പരേഡ് നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെയടക്കം 30 ടാബ്ലോകളാണ് പരേഡിൽ അണിനിരക്കുന്നത്. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുന്നത്. അതേസമയം, റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ദില്ലി കനത്ത സുരക്ഷയിലാണ്.
