കുവൈത്ത് സിറ്റി :- വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കുന്നതിനും ക്രൈസ്തവരുടെ 40 ദിവസത്തെ വലിയ നോമ്പിന്റെ തുടക്കത്തോടും അനുബന്ധിച്ച് കുവൈത്തിലെ കത്തോലിക്കാ സഭ മാനുഷികമായ ഒരു വലിയ മാതൃക മുന്നോട്ടുവെച്ചു. കുവൈത്ത് സമൂഹത്തിന്റെ സ്നേഹത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും ഭാഗമായാണ് സഭ ഈ പ്രത്യേക കാരുണ്യ പദ്ധതി സംഘടിപ്പിച്ചത്. കുവൈത്ത് സിറ്റിയിലെ ഹോളി ഫാമിലി കത്തീഡ്രലിന് മുന്നിൽ മഗ്രിബ് നമസ്ക്‌കാരത്തിന് അര മണിക്കൂർ മുമ്പ് സഭയുടെ വക്താവ് ഫാദർ സുലൈമാൻ ഹൈഫാവിയും മറ്റ് വൈദികരും ചേർന്ന് വഴിയാത്രക്കാർക്ക് ഈന്തപ്പഴവും വെള്ളവും വിതരണം ചെയ്തു.
ആചാരങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും റമദാൻ നോമ്പും ക്രൈസ്‌തവരുടെ വലിയ നോമ്പും ഒരേസമയം വരുന്നത് ദൈവത്തിലേക്ക് മടങ്ങാനും ഹൃദയശുദ്ധി വരുത്താനും ഉള്ള ആഹ്വാനമാണെന്ന് സഭ വ്യക്തമാക്കി. വിവിധ മതവിശ്വാസികൾക്കിടയിൽ പരസ്പര ബഹുമാനവും സമാധാനപരമായ സഹവർത്തിത്വവും നിലനിൽക്കുന്ന കുവൈറ്റിൻ്റെ മാതൃകാപരമായ പങ്കിനെ ഈ നീക്കം അടിവരയിടുന്നു. പ്രാർത്ഥന, പശ്ചാത്താപം, കാരുണ്യം, മാനവിക സേവനം എന്നിവയിലാണ് എല്ലാ വ്രതാനുഷ്ഠാനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഫാദർ ഹൈഫാവി ഓർമ്മിപ്പിച്ചു.
