ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു, വീഴ്ചകൾ അനുവദിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി


തിരുവനന്തപുരം :- ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള തലസ്ഥാനത്തെ ശുചീകരണവുമായി ബന്ധപ്പെട്ട് വീഴ്ചകൾ അനുവദിക്കില്ലെന്നും പരിശോധനയ്ക്ക് ആർ.ഡി.ഒയെ ചുമതലപ്പെടുത്തിയതായും വി ശിവൻകുട്ടി. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിച്ചിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തിൽ വീഴ്ചകൾ സംഭവിക്കുന്നതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഭക്തജനലക്ഷങ്ങൾ എത്തിയ ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ, ശുചീകരണ പ്രവർത്തനങ്ങളിൽ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ആർ.ഡി.ഒ - യെ ചുമതലപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷനാണ് ശുചീകരണ ചുമതല. എവിടെയെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ കർശനമായ ഇടപെടലുകൾ ഉണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും നഗരത്തെ പൂർവ്വസ്ഥിതിയിലാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ശിവൻകുട്ടി വ്യക്തമാക്കി.  

Previous Post Next Post