കൊട്ടിയൂരിൽ വൻ ഭക്തജനപ്രവാഹം ; സ്ത്രീകൾക്ക് ഇന്ന് മുതൽ പ്രവേശനം


കൊട്ടിയൂർ :-  വൈശാഖോത്സവം ആരംഭിച്ചതോടെ അക്കരെ കൊട്ടിയൂരിലേക്ക് വൻ ഭക്തജനപ്രവാഹം തുടങ്ങി. കർണാടകത്തിൽ നിന്നുള്ള ഭക്തരാണ് വെള്ളിയാഴ്ച കൂടുതാലായും എത്തിയത്. ശനിയാഴ്ച മുതലാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനം. ശനിയാഴ്ച മുതൽ അക്കരെ കൊട്ടിയൂരിലേക്കുള്ള ഭക്തജനത്തിരക്ക് വർധിക്കുമെന്നാണ് കരുതുന്നത്. ജൂൺ 5 ന് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന നടക്കും.
മണത്തണ കരിമ്പനയ്ക്കൽ ഗോപുരത്തിൽനിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഭണ്ഡാരമെഴുന്നള്ളത്ത് പുറപ്പെട്ടത്. വാളശ്ശ കാരണവരും അടിയന്തിര യോഗക്കാരും മണാളനും ചേർന്ന് ഗോപുരവും നിലവറയും തുറന്ന് ഭണ്ഡാരങ്ങളും മറ്റ്  പാത്രങ്ങളും പുറത്തെടുത്ത് കണക്കപ്പിള്ളയെ ഏൽപ്പിച്ചു. കണക്കപ്പിള്ള ഭണ്ഡാരങ്ങൾ കുടി പതികളെ ഏൽപ്പിച്ചു. കുടിപതി സ്ഥാനികരാണ് ഭണ്ഡാര ങ്ങൾ കൊട്ടിയൂരിലേക്ക് ഏഴുന്നള്ളിച്ചത്. ആദ്യം സ്വർണപ്പാത്രങ്ങളും അതിന് പിന്നിലായി തിരുവാഭരണ ചെപ്പ്, വെള്ളി വിളക്ക്, ചപ്പാരം ഭഗവതിയുടെ വാൾ എന്നിവയും ഗജവീരന്മാരുടെയും വാദ്യങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിച്ചു. 

ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂരിലെത്തും മുമ്പ് അഞ്ചിടത്ത് വാളാട്ടം നടത്തി. അർധരാത്രിയോടെ എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂരിലെത്തി. മുതിരേരി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ചു കൊണ്ടുവന്ന വാൾ, ഇക്കരെ ക്ഷേത്രത്തിലെ ബലിബിംബങ്ങൾ എന്നിവയോടൊപ്പം ഭണ്ഡാരങ്ങൾ അക്കരെ കൊട്ടിയൂരിലെത്തിയതോടെ സ്വയം ഭൂവിൽ ജലാഭിഷേകത്തോടെ നിത്യപൂജകൾക്ക് തുടക്കമായി. അമ്മാറയ്ക്കൽ തറയിലും മാലോംദേവസ്ഥാനത്തും സ്ഥാപിക്കാനുള്ള കുടകളും വെള്ളിയാഴ്ച കൊട്ടിയൂരിലെത്തിച്ചു.
Previous Post Next Post