ആരാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ; നിയമസഭ കക്ഷി യോഗം നാളെ ചേരും


തിരുവനന്തപുരം :- കോൺഗ്രസിൽ
മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാൻ ചരട് വലികൾ സജീവം. നിയമസഭ കക്ഷി യോഗം നാളെ ചേരും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്ന‌ിക്കും ഉടൻ കേരളത്തിലെത്തും. എംഎൽഎമാരുടെ അഭിപ്രായം ഹൈക്കമാൻഡിനെ അറിയിക്കും. അതേസമയം, ഹൈക്കമാൻഡിന്റെയും എംഎൽഎമാരുടെയും പിന്തുണ നേടിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ. രാഹുൽ ഗാന്ധിയുടെ എഫ്ബി പോസ്റ്റിന് താഴെ വൻ പ്രചാരണമാണ് കെസി, വിഡി, ആർസി പക്ഷങ്ങൾ നടത്തുന്നത്. സംസ്ഥാനമൊട്ടാകെ ഇവരെ പിന്തുണച്ചുള്ള ഫ്ലക്സ് യുദ്ധവും തുടരുകയാണ്.

കേരളത്തിലെ സർക്കാർ രൂപീകരണത്തിൽ മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇന്ന് മുതിർന്ന നേതാക്കളുമായി സംസാരിക്കും. നേതാക്കളുടെ അഭിപ്രായം നേരിട്ട് കേൾക്കാനാണ് ഇരുവരുടെയും തീരുമാനം. ആവശ്യമെങ്കിൽ മുസ്ലിം ലീഗിനോട് രാഹുൽ ഗാന്ധി നേരിട്ട് സംസാരിക്കും. അതേസമയം, കെസി വേണുഗോപാലിൻ്റെ പേരും എഐസിസി നിരീക്ഷകർ എംഎൽഎമാരോട് ചർച്ച ചെയ്യും. സംഖ്യ നോക്കാതെ സമവായം ഉണ്ടാക്കണമെന്ന് മൂന്ന് എംപിമാരെങ്കിലും അറിയിക്കും. അതേസമയം, രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലുണ്ട്. എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് രമേശ് ചെന്നിത്തലയുടെ ദില്ലി യാത്ര. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും.

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഈ മാസം പത്തിനുള്ളിലെന്ന് സൂചന. നാളെ വൈകുന്നേരത്തോടെ നിരീക്ഷകർ നടപടികൾ പൂർത്തിയാക്കും മറ്റന്നാൾ രാഹുൽഗാന്ധിക്കും, ഖർഗെക്കും റിപ്പോർട്ട് നൽകും. തുടർചർച്ചകൾക്കായി ദീപ ദാസ്പുൻഷിയും ദില്ലിയിലെത്തും. എം എൽഎമാരുടെ ഭൂരിപക്ഷം ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നിൽ അവകാശപ്പെട്ട് കെസി വേണുഗോപാൽ രംഗത്ത് വന്നിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ വാദങ്ങൾ നിരീക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കാൻ ഹൈക്കമാന്റ് നിർദ്ദേശിച്ചേക്കും  കോൺഗ്രസ് നിയമസഭകക്ഷി യോഗത്തിൽ പങ്കെടുക്കാൻ എംഎൽഎമാർ തലസ്ഥാനത്തേക്ക് വന്നു തുടങ്ങി.
Previous Post Next Post