ബെംഗളൂരു :- കർണാടകയിൽ മുഖ്യമന്ത്രിയുടെ രാജി സ്ഥിരീകരിച്ച് സിദ്ധരാമയ്യ, ലോക്ഭവനിൽ എത്തി രാജി സമർപ്പിച്ചു. ഗവർണർ സ്ഥലത്തില്ലാത്തതിനാൽ ഓഫീസിൽ രാജിക്കത്ത് ഏൽപിച്ചു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടതിനാൽ രാജിവെച്ചുവെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. നേതൃത്വം പറഞ്ഞാൽ രാജിവെക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ വൈകിട്ട് നാലരയ്ക്ക് ബെംഗളുരുവിൽ നിന്ന് ദില്ലിയിലേക്ക് തിരിക്കും.
മുഖ്യമന്ത്രിയാകുന്ന ഡി.കെ. ശിവകുമാറിനൊപ്പമാണ് അദ്ദേഹം ലോക്‌ഭവനിലെത്തിയത്. ജി. പരമേശ്വരയും അനുഗമിച്ചു. സമവായത്തിനായി സിദ്ധരാമയ്യയുടെ നിരവധി ഉപാധികൾ ഹൈക്കമാൻഡ് സ്വീകരിച്ചതായാണ് റിപ്പോർട്ട്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേൽക്കും. കർണാടകയിൽ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി പദത്തിനായി തർക്കമുണ്ടായിരുന്നു. അന്ന് രണ്ടര വർഷം ഫോർമുലയിലാണ് തർക്കം അവസാനിപ്പിച്ചത്. സിദ്ധരാമയ്യ മൂന്നാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പിസിസി അധ്യക്ഷസ്ഥാനത്തേക്ക് സതീഷ് ജർകിഹോളി പരിഗണനയിൽ. മൂന്ന് വരെ ഉപമുഖ്യമന്ത്രിമാർക്കും സാധ്യത. ആഭ്യന്തരമന്ത്രി ജി പരമേശ്വര, മന്ത്രി എംബി പാട്ടീൽ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടേക്കും. മന്ത്രിസഭരൂപീകരണത്തിലും ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടാകും. സിദ്ധരാമയ്യയെ പിണക്കാതിരിക്കാൻ ഡി.കെ ശിവകുമാറിന് “ഫ്രീഹാൻഡ്" നൽകിയേക്കില്ലെന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ മറ്റ് മന്ത്രിമാരെ അദ്ദേഹം പ്രാതലിന് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയായ കാവേരിയിലായിരുന്നു പ്രഭാതഭക്ഷണം. ഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹം മന്ത്രിമാരെ അഭിസംബോധന ചെയ്ത് ഇക്കാര്യം അറിയിച്ചത്. താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചു. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
