ദില്ലി :- പഞ്ചാബിൽ സ്ഫോടനം നടന്ന സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തും. സ്ഫോടനം നടന്ന ജലന്ധർ, അമൃത്സർ എന്നിവിടങ്ങളിൽനിന്ന് ഫൊറൻസിക് തെളിവുകളടക്കം ശേഖരിക്കുന്ന എൻഐഎ സംഘം, സംഭവത്തിൽ അന്വേഷണമാരംഭിച്ച സംസ്ഥാന ഏജൻസികളുമായി സഹകരിക്കും. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അമൃത്സർ പോലീസ് മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ പൊതുജനങ്ങളുടെ സഞ്ചാരം നിയന്ത്രിച്ച് നിരീക്ഷണം നടത്തുന്നതിനായി റോഡുകളും അടച്ചിട്ടുണ്ട്.
അമൃത്സറിലെ കൻ്റോൺമെൻ്റ് മേഖലയ്ക്ക് സമീപമുള്ള ഖാസയിൽ ചൊവ്വാഴ്ച രാത്രി 10:50 ഓടെയാണ് സ്ഫോടനം ഉണ്ടായത്. ഉടൻതന്നെ പോലീസും കൻ്റോൺമെന്റ് മേഖലയിൽ ക്യാമ്പ് ചെയ്യുന്ന കരസേന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ല. ഇതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു ജലന്ധറിൽ പൊട്ടിത്തെറി ഉണ്ടായത്. വൈകുന്നേരം എട്ടുമണിയോടെ ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്തു നിർത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് പൊട്ടിത്തെറിച്ചത്. വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായി നാട്ടുകാർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ സ്കൂട്ടർ ഉടമയും കൊറിയർ ഡെലിവറി ജീവനക്കാരനുമായ ഗുർപ്രീത് സിങ്ങിന് (22) നേരിയ പരിക്കേറ്റു.
സംഭസ്ഥലത്തുനിന്ന് ഫൊറൻസിക് സയൻസ് ലബോറട്ടറി സംഘം ശേഖരിച്ച സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചു. അതിനിടെ, ജലന്ധറിലെ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ലിബറേഷൻ ആർമി (കെഎൽഎ) ഏറ്റെടുത്തതായി പഞ്ചാബ് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പാകിസ്താനിലെ അധോലോക നേതാവായ ഷഹസാദ് ഭട്ടിക്ക് സ്ഫോടനത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഏപ്രിൽ 27ന് പാട്യാലയിലെ രാജ്പുരയിൽ റെയിൽവേ ട്രാക്കിൽ സ്ഫോടന ശ്രമം നടന്നതിന് പിന്നാലെയാണ് ഇരട്ട സ്ഫോടനങ്ങൾ ഉണ്ടായിരിക്കുന്നത്.
