കള്ളാടി മണ്ണിടിച്ചിൽ ; പ്രിയങ്കാഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും, ദുരന്തത്തിൽ പരിക്കേറ്റവരെ കാണും


കൽപ്പറ്റ :- പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിലുണ്ടായ കള്ളാടി സന്ദർശിക്കുകയും ദുരന്തത്തിൽ പരിക്കേറ്റവരെ കാണുകയും ചെയ്യും. മണ്ണിടിച്ചിൽ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുൻ എം പി രാഹുൽ ഗാന്ധിയും നിലവിലെ എം പി പ്രിയങ്കഗാന്ധിയും സംഭവ സ്ഥലം സന്ദർശിക്കാത്തതിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ദുരിതബാധിതരെ കാണാൻ ഇരുവരും ഇതുവരെയും സമയം കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പിന് മുൻപ് മാത്രം എത്തുന്നവരാണ് ഇരുവരുമെന്നുമായിരുന്നു ആരോപണം.

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണമാണ് പ്രഖ്യാപിച്ചത്. മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്‌ടപരിഹാരം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് അറിയിച്ചിരുന്നു. ദുരന്തത്തിൽ മരണപ്പെട്ട 7 പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് 5 ലക്ഷം 1 രൂപയും അടിയന്തര സഹായമായി കമ്പനി നൽകും. അപകടത്തിൽ പരിക്കേറ്റ 9 പേരിൽ 6 പേർക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം കൈമാറും.

കള്ളാടിയിൽ ജൂലായ് 8നാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെയാണ് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. തുരങ്ക പാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അതിഥി തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള ഏക പാതയിലാണ് അപകടമുണ്ടായത്.

Previous Post Next Post