ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം ; ഒക്ടോബർ 6 ന് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും


ദില്ലി :- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം. ഒക്ടോബർ 6ന് പ്രതിപക്ഷ എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ഒക്ടോബർ രണ്ടാം വാരം പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതിയെ കാണാൻ അനുമതി തേടും. വോട്ട് കൊള്ളയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഇന്ത്യ സഖ്യ നേതാക്കൾ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി ആഞ്ഞടിച്ചു. ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് മമത ആവശ്യപ്പെട്ടു. യോഗത്തിൽ ഓൺലൈനായി ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും പങ്കെടുത്തു. ഒരുമിച്ച് മുന്നോട്ട് പോകാൻ യോഗത്തിൽ തീരുമാനമായി.

ഇലക്ഷൻ കമ്മീഷനെ നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് പാവയെപ്പോലെ ഉപയോഗിക്കുകയാണെന്ന് യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. നവംബർ 1-ന് ദില്ലിയിൽ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ജനാധിപത്യ സംരക്ഷണ റാലി നടത്തുമെന്നും ഖാർഗെ അറിയിച്ചു. ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായുള്ള ആവശ്യം മമത ബാനർജി ആവർത്തിച്ചു. ബിജെപിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് മമത ബാനർജി പറഞ്ഞത് ഇങ്ങനെയാണ്- "അവർ ബംഗാളിനെ കൊള്ളയടിച്ചു. ഞങ്ങൾ ഇസിഐയെയും സുപ്രീം കോടതിയെയും സമീപിച്ചു. ഇപ്പോൾ കാര്യങ്ങളെല്ലാം പരസ്യമായി പുറത്തുവന്നിരിക്കുകയാണ്. നമുക്ക് ജനാധിപത്യം സംരക്ഷിക്കാം. ഗ്യാനേഷ് കുമാറിനെ മാറ്റിയില്ലെങ്കിൽ ഈ പ്രക്ഷോഭം കടുക്കും"

Previous Post Next Post