കോഴിക്കോട് :- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തി തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ്(44) എന്ന 'ഭണ്ഡാരം സജീഷി'നെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ കുണ്ടൂപ്പറമ്പ് കൊറ്റിയാടത്ത് ഭഗവതി ക്ഷേത്രം, അങ്കക്കളരി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞ 12-ാം തീയതി പൂളാടിക്കുന്ന് കല്ലിടുക്കിൽ ഭഗവതി ക്ഷേത്രം, മാട്ടുപ്പിലാവിൽ ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ ആൾ തന്നെയാണ് ഇവിടെയും കവർച്ച നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നും മനസ്സിലായി. കൂടാതെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മോഷണം നടത്തിയത് സജീഷാണെന്ന് ഉറപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ മോഷ്ടാവിനെ കുറിച്ച് കൂടുതൽ വിവരം ലഭിക്കുകയും മൈസൂരിലേക്ക് കടന്നതായി മനസ്സിലാക്കിയ ക്രൈം സ്ക്വാഡ് വിവരം വയനാട് പോലീസിന് കൈമാറുകയുമായിരുന്നു. മോഷ്ടാവിനെ പിന്തുടർന്ന ക്രൈം സ്ക്വാഡ് അംഗങ്ങൾ ഇയാളെ കണ്ടെത്തി തടഞ്ഞുവെച്ച് അറസ്റ്റ് രേഖപ്പെടുത്തി.
സജീഷിന്റെ പേരിൽ തൃശ്ശൂർ ജില്ലയിലെ കുന്ദംകുളം, പേരമംഗലം, എരുമപ്പെട്ടി, വടക്കേക്കാട്, പാലക്കാട് ജില്ലയിലെ തൃത്താല, ചാലിശ്ശേരി, മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, തേഞ്ഞിപ്പാലം, തിരൂരങ്ങാടി, പൊന്നാനി, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, മെഡിക്കൽ കോളേജ്, നല്ലളം, ചേവായൂർ, തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി ബൈക്ക് മോഷണം നടത്തിയതിനും അമ്പലങ്ങളിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയതിനും പാലക്കാട് ജില്ലയിലെ കൂറ്റനാട് സബ് ട്രഷറി കുത്തി തുറന്നുള്ള മോഷണശ്രമത്തിനും വീട് കുത്തിത്തുറന്ന് സ്വർണ്ണമാല മോഷണം നടത്തിയതിനും നിരവധി കേസുകൾ നിലവിലുണ്ട്. എലത്തൂർ ഇൻസ്പെക്ടർ ജിതേഷ്, സബ് ഇൻസ്പെക്ടർ നിമിൻ കെ. ദിവാകരൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പത്മരാജൻ, സൈബർ സെല്ലിലെ സിവിൽ പോലീസ് ഓഫീസർ ദിവ്യ, ക്രൈം സ്ക്വാഡ് അംഗങ്ങളായ അബ്ദുഹ്മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻ വീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, രാഗേഷ് ചൈതന്യം, ജിനേഷ് ചൂലൂർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ സജീഷിനെ റിമാന്റ് ചെയ്തു.
