മോഷണം പോയ പമ്പ് സെറ്റും പൈപ്പുകളും തിരികെ ലഭിക്കാൻ വൈദ്യുതി പോസ്റ്റുകളിലും മതിലുകളിലും പോസ്റ്ററുകൾ പതിച്ച് കർഷകന്റെ വേറിട്ട പ്രതിഷേധം.

 


കൂത്തുപറമ്പ്▾മോഷണം പോയ പമ്പ് സെറ്റും പൈപ്പുകളും തിരികെ ലഭിക്കാൻ വൈദ്യുതി പോസ്റ്റുകളിലും മതിലുകളിലും പോസ്റ്ററുകൾ പതിച്ച് കർഷകന്റെ വേറിട്ട പ്രതിഷേധം.കണ്ണവം കോയ്യാറ്റിലെ ചമ്പാടൻ മനോഹരനാണ് തന്റെ ജീവിതോപാധി സംരക്ഷിക്കാൻ വേറിട്ട അഭ്യർത്ഥനയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് മനോഹരന്റെ പമ്പ് സെറ്റും പൈപ്പുകളും മൂന്ന് വാഴക്കുലകളും മോഷണം പോയത്. ഇത് രണ്ടാം തവണയാണ് ഇവിടെ നിന്ന് പമ്പ് സെറ്റ് കവരുന്നത്. മുൻപ് മോഷണം നടന്നപ്പോൾ പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.തുടർന്നാണ് 'മോഷ്ടാവേ, തോട്ടം നനയ്ക്കുന്ന പൈപ്പുകൾ തിരികെ തരൂ' എന്നെഴുതിയ പോസ്റ്ററുകളുമായി മനോഹരൻ തെരുവിലിറങ്ങിയത്. സോഷ്യൽ മീഡിയയിലും മനോഹരന്റെ കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സൗജന്യമായി ലഭിച്ച ഒരേക്കർ സ്ഥലത്ത് ഇത്തവണ 600 നേന്ത്രവാഴകളാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. തട്ടുതട്ടായി കിടക്കുന്ന പ്രദേശമായതിനാൽ ദിവസവും വെള്ളം നനച്ചില്ലെങ്കിൽ വാഴകൾ കരിഞ്ഞു പോകും.ഒരുവർഷം മുൻപ് ജോലി ചെയ്യുന്നതിനിടെ കല്ല് തെറിച്ച് വീണ് ഇടതുകണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ട മനോഹരൻ ദിവസവും മൂന്ന് കിലോമീറ്റർ നടന്നു വന്നാണ് കൃഷി പരിപാലിക്കുന്നത്.

ആറാം ക്ലാസിൽ പഠനം നിർത്തി അച്ഛനോടൊപ്പം കൃഷിയിലേക്കിറങ്ങിയ മനോഹരന് ഇത് വെറുമൊരു കൃഷിയല്ല, കുടുംബം പുലർത്താനുള്ള ഒരേയൊരു ജീവിതോപാധിയാണ്. പോസ്റ്റർ കണ്ട് മോഷ്ടാവിന്റെ മനസ്സലിഞ്ഞ് സാധനങ്ങൾ തിരികെ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കർഷകൻ.

Previous Post Next Post