തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ നിഷേധിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്
മയ്യിൽ : വനിതാ മതിലിൽ പങ്കെടുക്കാത്തതിന്റെ പേരിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലി നിഷേധിച്ചു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് മയ്യിൽ പഞ്ചായത്ത് പ്രസിഡൻറ്. മയ്യിൽ പഞ്ചായത്ത് പതിനാലാം വാർഡ് മേച്ചേരിയിലെ ഏതാനും തൊഴിലുറപ്പ് തൊഴിലാളികളാണ് തൊഴിൽ നിഷേധിച്ചുവെന്ന ആരോപണവുമായി പഞ്ചായത്തിൽ പരാതി നൽകിയത്. ജനുവരി ഒന്നിന് നടത്തിയ വനിതാ മതിലിൽ പങ്കെടുക്കാത്തവർക്ക് തൊഴിൽ നൽകില്ല എന്ന് കേട്ടതിന്റെ അടിസ്ഥാനത്തിലും മസ്റ്റ് റോളിൽ പേരില്ല എന്നുമുന്നയിച്ചുമായിരുന്നു ഇവർ പഞ്ചായത്തിൽ എത്തിയത്. വാർഡിലെ പഞ്ചായത്ത് അംഗത്തോട് പോലും അന്വേഷിക്കുകപോലും ചെയ്യാതെയാണ് ഇവർ നേരിട്ട് പഞ്ചായത്തിൽ പരാതിയുമായി വന്നത്. യഥാർത്ഥത്തിൽ കഴിഞ്ഞ ഡിസംബർ മാസം 26നാണ് ഏറ്റവും അവസാനമായി തൊഴിലാളികൾക്ക് തൊഴിൽ നൽകിയതെന്നും പണിമുടക്കിനും ഹർത്താലിനും ശേഷം വീണ്ടും ആരംഭിക്കേണ്ടത് ജനുവരി 11നും ആണെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. എന്നാൽ 2 ദിവസത്തെ ദേശീയ പണിമുടക്കിനെ തുടര്ന്ന് പഞ്ചായത്ത് ഓഫീസ് അവധിയായതിനാൽ മസ്റ്റ് റോൾ ലഭ്യമായിരുന്നില്ല. ലഭ്യമായപ്പോൾ പരാതിയുമായി എത്തിയവരുടെ പേരും ഉണ്ടായിരുന്നു എന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഈ വിവരങ്ങൾ ഒന്നും അറിയാതെ തികച്ചും രാഷ്ട്രീയ പ്രേരിതത്തിന്റെ ഭാഗമായും തെറ്റിദ്ധാരണ പരത്തിയും ചില ആളുകളുടെയും ചാനലുകരുടെയും നേതൃത്വത്തിലാണ് തൊഴിലാളികൾ എത്തിയത്. മസ്റ്റ് റോളിലെ പേരുകളുടെ അടിസ്ഥാനത്തിൽ ഇന്ന് തൊഴിലുറപ്പ് തൊഴിൽ വീണ്ടും ആരംഭിക്കുമെന്നും പഞ്ചായതിനെതിരെ ആസൂത്രിതമായി തെറ്റായ പ്രചരണം നടത്താനുള്ള ശ്രമമാണ് നടന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ പറഞ്ഞു.
അതേ സമയം തൊഴിൽ നിഷേധമുണ്ടായെന്നും ആയത് പഞ്ചായത്ത് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്താനാണ് ഇന്നലെ പഞ്ചായത്ത് ഓഫീസിൽ പോയതെന്നും കഴിഞ്ഞ ശനി, തിങ്കൾ ദിവസങ്ങളിലും ഇന്നലെ ഉച്ചവരെയും തൊഴിലുറപ്പ് ജോലികൾ നടന്നതായും തൊഴിലാളികൾ പറയുന്നു..
തൊഴിലുറപ്പ്കാർക്ക് വനിതാ മതിലിൽ പങ്കെടുക്കാത്തതിന്റെ പ്രതികാര നടപടിയെന്നോണം തൊഴിൽ നിഷേധിച്ച മയ്യിൽ പഞ്ചായത്ത് അധികൃതരുടെ കിരാത നടപടിയിൽ മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു.
തൊഴിൽ നിഷേധിച്ചവർക്ക് ഉടൻ തന്നെ തൊഴിൽ നൽകിയില്ലെങ്കിൽ പഞ്ചായത്താഫീസ് മാർച്ച് ഇപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾക്ക് മയ്യിൽ മണ്ഡലം കോൺസ്റ്റ് കമ്മിറ്റി നേതൃത്ത്വം നൽകുമെന്നും ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവർക്ക് സമർപ്പിച്ച പ്രസ്താവനയിൽ പറയുന്നു.