ട്രാൻസ്ജെൻഡറുകളെ ആദ്യം പരിഗണിക്കപ്പെടേണ്ടത് സ്വന്തം കുടുംബത്തിൽ: ഇഷ കിഷോർ



മയ്യിൽ: ഭരണഘടനാപരമായ അവകാശങ്ങളെന്ന പോലെ ട്രാൻസ്ജെൻഡർമാർ കുടുംബത്തിലും സമൂഹത്തിലുമുള്ള പരിഗണനയും ആഗ്രഹിക്കുന്നുണ്ടെന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ഇഷ കിഷോർ പറഞ്ഞു.  ട്രാൻസ്ജെൻഡർമാരെ കാണുമ്പോൾ അവരാരാണ് എന്ന് അന്വേഷിക്കുന്ന കുട്ടികളുടെ വായപൊത്തുകയല്ല രക്ഷിതാക്കൾ ചെയ്യേണ്ടത്. ട്രാൻസ്ജെൻഡർമാർ ആരെന്നും എന്തുകൊണ്ടാണ് അങ്ങിനെയെന്നും അവരെ പഠിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.
ചോദ്യങ്ങളെ തടയുമ്പോൾ ട്രാൻസ്ജെൻഡർ എന്നത് സഭ്യേതരമായതോ വ്യക്തിത്വമില്ലാത്തതോ ആയ ഒന്നാണെന്ന തോന്നലാണ് അവരുടെ മനസിൽ ഉണ്ടാവുന്നത്. സർക്കാർ ട്രാൻസ്ജെൻഡർമാരുടെ സാമൂഹ്യപദവിയും അവകാശങ്ങളും അംഗീകരിച്ചുവെങ്കിലും സ്വന്തം കുടുംബത്തിൽ ഉൾപ്പടെ ബഹിഷ്കൃതരാകുന്ന വ്യവസ്ഥിതിയുടെ മാറ്റമാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇഷപറഞ്ഞു.

കണ്ണൂർ നെഹ്റു യുവകേന്ദ്രയും തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയവും ചേർന്ന് സംഘടിപ്പിച്ച യുവജന ത്രിദിനനേതൃ പരിശീലന ക്യാമ്പിൽ 'ട്രാൻസ്ജെൻഡർ സമൂഹം: പ്രതിസന്ധികളും പ്രത്യാശകളും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഇഷ.യുവജന ക്ലബുകൾക്ക് പ്രവർത്തന രൂപരേഖ എന്ന വിഷയം ബിനോയ് മാത്യു അവതരിപ്പിച്ചു. സംരഭകത്വം, തൊഴിൽ എന്ന വിഷയം റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫാക്കൽറ്റി അഭിലാഷ് നാരായണനും 'ജനാധിപത്യം, സമൂഹം' എന്ന വിഷയം പി പത്മനാഭനും ഗാന്ധിയൻ ചിന്തകൾ എന്ന വിഷയം പ്രൊഫ.ദാസൻ പുത്തലത്ത് എന്നിവരും അവതരിപ്പിച്ചു.കലാസന്ധ്യ,ക്വിസ് മത്സരം, പ്രകൃതി യാത്ര എന്നിവയും ഉണ്ടായി.

മൂന്നുനാൾ നീണ്ടു നിന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി ഉദ്ഘാടനം ചെയ്തു.നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഓഡിനേറ്റർ എസ് ആർ അഭയ്ശങ്കർ സംസാരിച്ചു.പി പി സതീഷ് കുമാർ സ്വാഗതം പറഞ്ഞു.


Previous Post Next Post