നാടൻ പാട്ടിന്റെ ഓളത്തിലലിഞ്ഞ് മലപ്പട്ടം മുനമ്പ് കടവ്

മയ്യിൽ: കണ്ണൂർ നെഹ്റു യുവകേന്ദ്രയും മയ്യിൽ നന്തുടി കലാസംഘും ചേർന്ന് കൊവുന്തല അഴീക്കോടൻ സ്മാരക ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ നടത്തിയ നാവോറ് നാടൻകലാ ശിൽപശാല പഠിതാക്കൾക്കും നാട്ടുകാർക്കും നവ്യാനുഭവായി. നെയ്താര എന്നറിയപ്പെടുന്ന ശ്രീകൺഠാപുരം പുഴയും ബാവലി പുഴയും വളപട്ടണം പുഴയായ് സംഗമിക്കുന്ന മലപ്പട്ടം മുനമ്പ് കടവിലെ ആൽമരത്തിന്റെ കീഴിലാണ് ക്യാമ്പ് നടത്തിയത്. ജില്ലയിലെ നാടൻപാട്ട് സംഘങ്ങളിൽ നിന്നുള്ള നൂറോളം കലാകാരൻമാർ ശിൽപശാലയിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പജൻ അധ്യക്ഷനായി. കേരളത്തിലെ വിവിധ ആദിവാസി ഊരുകളിലെ കലകളെയും സംസ്കാരത്തെയും കുറിച്ച് ഡോ.കുമാരൻ വയലേരിയും മധ്യകേരളത്തിലെ അനുഷ്ഠാന വാദ്യോപകരണമായ മരം കൊട്ടുന്ന രീതിയും താളങ്ങളെയും പാട്ടുകളെയും കുറിച്ച് വിജീഷ്ലാൽ തൃശ്ശൂരും ക്ലാസെടുത്തു. ഫോക് ലോർ അവാർഡ് ജേതാവ് എം.സി. പ്രകാശനെ എൻ.വൈ.കെ. ജില്ലാ യൂത്ത് കോർഡിനേറ്റർ എസ്.ആർ.അഭയ് ശങ്കർ ഉപഹാരം നൽകി ആദരിച്ചു. ജില്ലയിലെ പ്രമുഖ നാടൻപാട്ട് കലാകരൻമാരുടെ സംഗമം പാട്ടോളവും അരങ്ങേറി. ഷാജു പനയൻ, സുരേഷ് പളളിപ്പാറ, ശരത് കണ്ണൂർ, വേലു ഹരിദാസ് തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവെച്ച് പാട്ട് പാടി. ജിജു ഒറപ്പടി അധ്യക്ഷനായി. പി.വി.ലവ് ലിൻ മുഖ്യാതിഥിയായി. മിനേഷ് മണക്കാട്, കെ.വി. സുരേന്ദ്രൻ, അനീഷ് കാപ്പാട്, ടി പി ബിജു, വി മനോമോഹൻ, ടി.സി. ജംഷീർ, കെ എ വിനോദ്, പി.വി. രതീഷ് എന്നിവർ സംസാരിച്ചു. രൂപേഷ് പൂക്കോത്ത് സ്വാഗതവും ടി.കെ. സരേശൻ നന്ദിയും പറഞ്ഞു.