റജിസ്ട്രേഷൻ ക്യാമ്പ് ഇന്നു കൂടി; ക്യാമ്പ് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടത്തിയതിനാൽ അപേക്ഷകർ പലയിടത്തും വലഞ്ഞു
നാറാത്ത്: സംസ്ഥാന ഇലക്ഷൻ കമ്മീഷൻ മാർച്ച് 2, 3 തീയ്യതികളിലായി ബൂത്ത് തലങ്ങളിൽ റജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
പുതിയ വോട്ടർമാരെ ചേർക്കുന്നതിനും, വോട്ടേഴ്സ് ലിസ്റ്റിൽ പേര് വിട്ടു പോയവരെ ചേർക്കുന്നതിനും, തന്റേതല്ലാതായ കാരണങ്ങളാൽ തള്ളപ്പെട്ടവരെ ഉൾപ്പെടുത്തുന്നതിനും, കന്നിവോട്ടർമാർക്കും
ഡ്യൂപ്ലിക്കേറ്റ് ഐ ഡി ക്ക് ഓൺലൈനായി അപേക്ഷിച്ചവർക്കും വോട്ടേഴ്സ് ഐ ഡി നൽകി സഹായിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച ക്യാമ്പ് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടത്തിയത് മിക്കയിടത്തും പൊല്ലാപ്പായി.
കംപ്യൂട്ടർ ,ഇന്റർനെറ്റ് വൈഫൈ സൗകര്യങ്ങളില്ലാതെ പതിവ് പോലെ അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വന്നത് വ്യാപകമായ പരാതിക്കിടയാക്കി.
തന്റെ പേര് പട്ടികയിലുണ്ടോ എന്ന് പരിശോധിച്ചും, വോട്ടർ ഐ ഡി കൈപ്പറ്റിയും സമ്മതിദായകർക്ക് മടങ്ങേണ്ടി വന്ന ക്യാമ്പുകൾ മിക്കയിടത്തും വഴിപാടു ചടങ്ങുകളായി മാറി.
അഴീക്കോട് അസംബ്ലി നിയോജക മണ്ഡലത്തിലെ 61, 62, 63 ബൂത്തുകളിലെ സമ്മതിദായകരെ സഹായിക്കാൻ നാറാത്ത് യു പി സ്കൂളിലാണ് ക്യാമ്പൊരുക്കിയത്.
നാറാത്ത് യു പി സ്കൂളിൽ നടന്ന ക്യാമ്പിന്
ബി എൽ ഒ മാരായ കെ വി മുസ്തഫ മാസ്റ്റർ, സി.കെ ഷംസീർ, ഷീജ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
വൈകീട്ട് 5 മണിക്ക് എല്ലാ കേന്ദ്രങ്ങളിലും ക്യാമ്പ് സമാപിക്കും.