പുക പരിശോധന സർട്ടിഫിക്കറ്റ് ഇനി മോട്ടോർ വാഹന വകുപ്പിൽ നിന്ന് നേരിട്ട്


തിരുവനന്തപുരം :- പുകപരിശോധനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനായി  പുകപരിശോധന സർട്ടിഫിക്കറ്റ് മോട്ടോർവാഹനവകുപ്പ് നൽകാൻ ഒരുങ്ങുന്നു.

വാഹനങ്ങളിലെ പുകപരിശോധന പതിവുപോലെ പരിശോധനകേന്ദ്രങ്ങളിൽ തുടരും. ബാക്കി നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കി മോട്ടോർവാഹനവകുപ്പ് സർട്ടിഫിക്കറ്റ് നൽകും.

ബി.എസ്. ഫോർ വാഹനങ്ങൾക്ക് ഒരുവർഷം കാലാവധിയുള്ള സർട്ടിഫിക്കറ്റ് നൽകേണ്ടതാണെങ്കിലും ഇപ്പോഴും ആറുമാസത്തെ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ് തർക്കത്തിനുകാരണം. ആർ.സി. ബുക്കിൽ ബി.എസ്. ഫോർ എന്ന് രേഖപ്പെടുത്താത്ത വാഹനങ്ങൾക്കാണ് ആറുമാസത്തെ സർട്ടിഫിക്കറ്റ് നൽകുന്നത്. 2017 ഏപ്രിലിനുശേഷം ഇറങ്ങിയ വാഹനങ്ങളെല്ലാം ബി.എസ്. ഫോർ വിഭാഗത്തിൽപ്പെട്ടതാണ്. ഇതിന് ഒരുവർഷത്തെ സർട്ടിഫിക്കറ്റാണ്‌ നൽകേണ്ടത്. എന്നാൽ, 2017-നു മുൻപും ബി.എസ്. ഫോർ വാഹനങ്ങളിറങ്ങിയിട്ടുണ്ട്. ഇത് ആർ.സി. ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ഇതാണ്‌ തർക്കങ്ങൾക്ക്‌ കാരണം.

വാഹനം ബി.എസ്. ഫോർ ആണെന്നുള്ള സർട്ടിഫിക്കറ്റ് വാഹന ഡീലർമാരിൽനിന്ന്‌ വാങ്ങി സൂക്ഷിക്കണമെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്.

ഇത് പരിശോധനസമയത്ത് കാണിച്ചാൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ്‌ നൽകണം. ബി.എസ്. ഫോർ വിഭാഗത്തിലെ ഇരുചക്ര-മുച്ചക്ര വാഹനങ്ങളിലെ മലിനീകരണത്തോത് എത്രവരെയാകാമെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് അസോസിയേഷൻ പറയുന്നത്.

Previous Post Next Post