സംസ്ഥാനത്തെ സ്‌കൂളുകള്‍ ഒക്ടോബറിലും തുറക്കാനാവില്ല: മുഖ്യമന്ത്രി

 അധികം വൈകാതെ പൊതുഗതാഗത സംവിധാനം പൂര്‍വ്വസ്ഥിതിയിലാകും


 തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഒക്ടോബറിലും തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് ഓഡിറ്റോറിയം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. 

അധികം വൈകാതെ പൊതുഗതാഗത സംവിധാനം പൂര്‍വ്വസ്ഥിതിയിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ സംസ്ഥാനത്ത് പൊതുഗതാഗതം പഴയ തോതിലില്ല. വരും ദിവസങ്ങളില്‍ സ്ഥിതി മാറും. എല്ലാ  വാഹനവും ഓടിത്തുടങ്ങും. അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കും. ഇന്നുള്ളതിനേക്കാള്‍ രോഗവ്യാപന തോത് വര്‍ധിക്കും. ഇപ്പോഴും വര്‍ധിക്കുകയാണ്.  അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളംപേര്‍ ഹ്രസ്വ സന്ദര്‍ശനത്തിന് വരുന്നുണ്ട്. ഇന്നലെ ഞായറാഴ്ച ആയതിനാല്‍ പരിശോധന കുറഞ്ഞു. രോഗബാധിതരുടെ എണ്ണം കുറഞ്ഞില്ല. ടെസ്റ്റിന്റെ എണ്ണം 45000 വരെ ഉയര്‍ന്നിരുന്നു. അരലക്ഷത്തിലേക്ക് എത്തിക്കും.

വടക്കന്‍ ജില്ലകളില്‍ നടത്തിയ ജനിതക പഠനത്തില്‍ സംസ്ഥാനത്ത് വ്യാപന നിരക്ക് വളരെ കൂടുതലുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. പ്രായാധിക്യമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കും. ഇവരില്‍ രോഗം പടര്‍ന്നാല്‍ മരണ നിരക്ക് ഉയരും. ബ്രേക് ദി ചെയിന്‍ കര്‍ശനമാാക്കും. ഈ പഠനം സംസ്ഥാനത്തിന്റെ മറ്റ് ഭാഗത്തും നടത്തും. എല്ലാ ജില്ലയിലും സി.എഫ്.എല്‍.ടി.സി തുറക്കാന്‍ ദ്രുതഗതിയില്‍ നടപടിയെടുക്കുന്നുണ്ട്. ജനകീയ കേന്ദ്രമാക്കി ഇവയെ മാറ്റും. ഇവിടങ്ങളില്‍ എല്ലാ സൗകര്യവും ഒരുക്കി.

 194 സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തിക്കുന്നു. 26425 കിടക്കകളുണ്ട്. ഇവിടങ്ങളില്‍ പാതിയോളം കിടക്ക ഒഴിവുണ്ട്. 1391 സിഎഫ്എല്‍ടിസികളില്‍ ഒരു ലക്ഷത്തിലേറെ കിടക്കകള്‍ സജ്ജീകരിക്കും. ലക്ഷണം ഇല്ലാത്തവരെയും ചെറിയ ലക്ഷണമുള്ളവരെയും ഇവിടെ ചികിത്സിക്കും.

Previous Post Next Post