അതിതീവ്ര മഴ ഇന്നും തുടരും; കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട്


കണ്ണൂർ : - സംസ്ഥാനത്ത് അതിതീവ്ര മഴ ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ആണ് റെഡ് അലർട്ട്. വയനാട് , കോഴിക്കോട്, പാലക്കാട് , തൃശ്ശൂർ, എറണാകുളം, കോട്ടയം ,ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരപ്രദേശത്തും ജാഗ്രത നിർദേശം നൽകി.

മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂർ ജില്ലയിൽ  മലയോര മേഖലകളിൽ രാത്രി ഏഴുമണി മുതൽ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചതായി ജില്ലാ കലക്ടർ ടി.വി സുഭാഷ് ബാബു അറിയിച്ചു.ഈ മേഖലയിലുള്ളവർ സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ തയ്യാറാകേണ്ടതുമാണ്.

പൊതുജനങ്ങളോട് അതീവ ജാഗ്രത പാലിക്കാനും സർക്കാർ സംവിധാനങ്ങളോട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി. ദുരന്ത സാധ്യതാ മേഖലകളിൽ താമസിക്കുന്നവർ
അധികൃതരുടെ നിർദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കൊവിഡ് പ്രൊട്ടോകോൾ പാലിച്ച് മാറി താമസിക്കാൻ തയ്യാറാകണം. അതിതീവ്രമഴയ്ക്കുള്ള പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ്, ഫയർ ഫോഴ്‌സ്, സിവിൽ ഡിഫൻസ് സന്നദ്ധ പ്രവർത്തകരും, കരസേന, ഡിഫൻസ് സർവീസ് കോർപ്‌സ്, നേവി, ഐ.ടി.ബി.പി തുടങ്ങിയ കേന്ദ്രസേനകളും സജ്ജമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Previous Post Next Post