കോവിഡ് ലക്ഷണങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലാത്തവരെ വീടുകളില്‍ തന്നെ താമസിപ്പിച്ചു പരിചരിക്കുന്ന ഹോം കെയര്‍ സംവിധാനം ജില്ലയിൽ നടപ്പിലാക്കും

 കോവിഡ് ചികിത്സയ്ക്ക്  കണ്ണൂർ ജില്ലയില്‍ ഹോം കെയര്‍ സംവിധാനം 




 കണ്ണൂർ :- ജില്ലയിൽ കോവിഡ് രോഗികളില്‍ ലക്ഷണങ്ങളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും  ഇല്ലാത്തവരെ വീടുകളില്‍ തന്നെ താമസിപ്പിച്ചു പരിചരിക്കുന്ന (ഹോം കെയര്‍) സംവിധാനം നടപ്പിലാക്കും. 

ജില്ലാ കളക്ടരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കോവിഡ് കേസുകള്‍ കൂടുതലുള്ള തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും  യോഗത്തില്‍ പങ്കെടുത്തു. 

റൂം ക്വാറന്റൈന്‍ രീതിയില്‍ രോഗികള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയണം. കോവിഡ് രോഗികളില്‍ 80 ശതമാനം പേര്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇവര്‍ക്ക് വിശ്രമവും നിരീക്ഷണവും മാത്രമേ വേണ്ടൂ. വിവിധ രാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രീതി ഫലപ്രദമാണെന്ന് കണ്ടിട്ടുമുണ്ട്.

രോഗികളിലെ മാനസിക സമ്മര്‍ദം കുറക്കാനും ഇത് സഹായകമാകും. ഹോം ക്വാറന്റൈന്‍ ഫലപ്രദമായി നടപ്പിലാക്കിയ അനുഭവവും കണ്ണൂര്‍ ജില്ലക്കുണ്ട്.  കാസര്‍കോട് ജില്ലയിലും ഭവനപരിചരണം നടപ്പിലാക്കിയിട്ടുണ്ട്. 

മറ്റ് കുടുംബംഗങ്ങളുമായി സമ്പര്‍ക്കമില്ലാതെ പ്രത്യേകമായി കഴിയാനുള്ള സൗകര്യമുള്ള മുറിയും ബാത്‌റൂമും,  ആവശ്യമാകുന്ന ഘട്ടത്തില്‍ വീട്ടിലേക്ക് ആംബുലന്‍സ് എത്താനുള്ള വഴി, ടെലിഫോണ്‍ സൗകര്യം എന്നിവ ഉണ്ടെങ്കില്‍ ഭവനപരിചരണം അനുവദിക്കും. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍  പരിശോധിച്ച് ഉറപ്പ് വരുത്തും. വീട്ടില്‍ മറ്റ് രോഗമുള്ളവര്‍ ഉണ്ടാകരുത്. അത്തരം രോഗികള്‍ ഉണ്ടെങ്കില്‍ അവരെ റിവേഴ്സ് ക്വാറന്റൈനില്‍ ആക്കണം. ഭവനപരിചരണത്തില്‍ കഴിയുന്നവരുമായി എല്ലാ ദിവസവും ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി നിരീക്ഷിക്കും. ഇവര്‍ക്ക് ഫോണ്‍ വഴി കോണ്‍സിലിങ്ങും ആവശ്യമെങ്കില്‍ ടെലി മെഡിസിന്‍ സൗകര്യവും നല്‍കും. എന്തെങ്കിലും ലക്ഷണം പ്രകടിപ്പിക്കുന്നവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനം ഉണ്ടാകും. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനതലത്തിലും ആംബുലന്‍സ് സജ്ജമാക്കും.

 യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്, ഡി പി എം ഡോ. അനില്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://chat.whatsapp.com/HzEVSRpgJ8uGFeh3vTDHVF

Previous Post Next Post