കൊളച്ചേരി സെക്ഷനിലെ KSEB സബ് എഞ്ചിനീയർ ബാബു കാണിച്ചേരിക്ക് കണ്ണൂരിലേക്ക് സ്ഥലം മാറ്റം
കൊളച്ചേരി :- കൊളച്ചേരിയിലെ രണ്ടു വർഷത്തെ സേവനത്തിനുശേഷം കൊളച്ചേരി സെക്ഷനിലെ KSEB സബ് എഞ്ചിനീയർ ബാബു കാണിച്ചേരിക്ക് കണ്ണൂരിലേക്ക് സ്ഥലം മാറ്റം.
കഴിഞ്ഞ രണ്ടു വർഷത്തോളം കൊളച്ചേരി സെക്ഷനിലെ ഓഫീസറായ ഇദ്ദേഹം ജനകീയനായ ഓഫീസറെന്ന് പേരെടുത്താണ് കൊളച്ചേരിയിൽ നിന്നും യാത്രയാവുന്നത്.
ഉപഭോക്താക്കളെ ഉൾപ്പെടുത്തി വാട്സപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും അതിലൂടെ വൈദ്യുതി തടസ്സങ്ങളുടെ അറിയിപ്പുകൾ മുൻകൂറായി നൽകാനും ഉപഭോക്താക്കളിൽ നിന്ന് പരാതി നേരിട്ടറിയാനും ഈ ഗ്രൂപ്പ് വഴി അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
മഴക്കാലത്ത് വൈദ്യുതി മുടക്കം പതിവായ സമയത്ത് നിരവധി പേർ ഇതിൽ ജോയിൻ ചെയ്യുകയും ഇതിന്റെ സൗകര്യം പ്രയോജനപ്പെടുത്തുകയും ചെയ്തതാണ്. ഇപ്പോൾ മൂന്ന് ഗ്രൂപ്പിലായി ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം കാണാൻ ശ്രമിക്കുന്ന ഈ ഓഫീസർ യാത്രയാവുന്നതിന് മുമ്പ് ഓഫീസിലെ മറ്റു സബ് എഞ്ചിനീയർസിനെ ഇതിൽ ആഡ് ചെയത് തുടർന്നും ഇത് കൈകാര്യം ചെയ്യാനുള്ള ഏർപ്പാട് ചെയ്ത് വച്ചാണ് ഇവിടെ നിന്നും മാറിപ്പോവുന്നത്.
തൻ്റെ ഇവിടത്തെ സർവ്വീസ് ജീവിതത്തിനിടയിൽ പാമ്പുരുത്തി ദ്വീപിലേക്ക് എ ബി സി കേബിൾ വലിച്ച് ഹൈടെൻഷൻ ലൈൻ പാമ്പുരുത്തി ട്രാൻസ്ഫോമറിൽ എത്തിച്ച പ്രവൃത്തി ഏറെ ശ്രമകരമായിരുന്നെന്ന് ഈ ഓഫീസർ ഓർത്തെടുക്കുന്നു. മാങ്ങാട് സബ്സ്റ്റേഷനിൽ നിന്നും വളപട്ടണം പുഴ കടന്നു വന്നിരുന്ന ലൈൻ ഏതുസമയവും പുഴയിലേക്ക് വീഴുന്ന അവസ്ഥയിലായിരുന്നു. കേബിൾ വലിച്ചതിന് ശേഷം കഴിഞ്ഞ വർഷത്തെ മഴയിൽ പഴയ ലൈനും പോസ്റ്റും മുഴുവനായും പുഴയിലേക്കു മറിഞ്ഞുവീണു. പാമ്പുരുത്തി കടവിൽ ഉള്ള ട്രാൻസ്ഫോർമർ പുതിയ പോസ്റ്റിലേക്ക് മാറ്റിസ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കേബിൾ വലിച്ചതിനുശേഷം മറ്റു ചില തിരക്കുകൾ വന്നതിനാലാണ് അത് സാധിക്കാൻ പറ്റാതിരുന്നത്, അടുത്ത ദിവസങ്ങളിൽ തന്നെ അത് ഉയർത്തുവാനുള്ള ജോലി തുടങ്ങുന്നതാണെന്നും അദ്ദേഹം അറിയിച്ചു. പാമ്പുരുത്തിയിൽ കുറെ ഭാഗം ലോടെൻഷൻ എ ബി കേബിൾ വലിക്കാൻ പറ്റിയതും നല്ല കാര്യമായി കാണുന്നു.
കഴിഞ്ഞ രണ്ടു വർഷത്തെ കാലവർഷത്തിലും കൊളച്ചേരി സെക്ഷൻ പരിധിയിൽ ശക്തമായ പ്രകൃതി ക്ഷോഭത്തിൽ നിരവധി മരങ്ങൾ ലൈനിൽ വീണു പോസ്റ്റുകൾ പൊട്ടി വൈദ്യുതി മുടക്കം ഉണ്ടാവുകയും പ്രളയത്തിൽ വെള്ളം പൊങ്ങിയതിനാൽ ട്രാൻസ്ഫോർമേറുകൾ ഉൾപ്പെടെ ഓഫ് ചെയ്തു വയ്ക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. എല്ലാ പ്രതികൂല കാലാവസ്ഥയിലും കൊളച്ചേരിയിലെ ജനങ്ങൾ നമ്മോടൊപ്പം നിന്നിട്ടുണ്ടെന്നും മരങ്ങൾ മുറിച്ചുമാറ്റാനും പോസ്റ്റുകൾ വലിച്ചു കൊണ്ട് ജോലിസ്ഥലത്തെത്തിക്കാനും ലഭിച്ച സഹകരണത്തെ സ്മരിക്കാനും അദ്ദേഹം ഈ വേളയിൽ മറന്നില്ല. അതുപോലെ തന്നെ വെള്ളം കയറിയ വീടുകളിൽ വെള്ളം ഇറങ്ങിയപ്പോൾ എല്ലാ വീടുകളിലെയും വയറിംഗ് പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്താൻ പ്രദേശത്തെ വയറിങ് തൊഴിലാളികൾ സ്വമേധയാ രംഗത്തിറങ്ങിയത് പുതിയ ഒരനുഭവമായി അദ്ദേഹം ഓർത്തെടുക്കുന്നു.