നവംബർ ഒമ്പതോടെ അന്തിമ പട്ടിക പ്രസിദ്ധപ്പെടുത്തു
കണ്ണൂർ :- തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇത്തവണ 19,66,457 വോട്ടർമാർ. വെള്ളിയാഴ്ചയോടെ മിക്കവാറും തദ്ദേശ സ്ഥാപനങ്ങൾ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിനെത്തുടർന്നുള്ള കണക്കാണിത്. പിന്നീട് തിരഞ്ഞെടുപ്പ് നടക്കുന്ന മട്ടന്നൂർ നഗരസഭയിലെ വോട്ടർമാർ ഇതിൽ പെടില്ല. 71 പഞ്ചായത്തുകൾ, ഒരു ജില്ലാ പഞ്ചായത്ത് 11 ബ്ലോക്ക് പഞ്ചായത്തുകൾ എട്ട് നഗരസഭകൾ എന്നിവയിലേക്കാണ് ഉടൻ തിരഞ്ഞെടുപ്പ്. ബൂത്തുകളും നിശ്ചയിക്കപ്പെട്ടു. കണ്ണൂർ കോർപ്പറേഷനിൽ ഏതാനും ബൂത്തുകൾ കൂടി തീരുമാനമാകാനുണ്ട്. എല്ലാ പഞ്ചായത്തുകളിലുമായി 1460021 വോട്ടർമാരാണ്. ആകെ 765295 സ്ത്രീകളും 688731 പുരുഷൻമാരും. ഇത്രയും പേർക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലായി മൂന്ന് വോട്ടുണ്ടാകും. ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും സ്ത്രീകളാണ് വിധി നിർണയിക്കുക. കണ്ണൂർ കോർപ്പറേഷനിൽ ആകെ 180594 വോട്ടർമാരുണ്ട്, 98431 സ്ത്രീകളും 82163 പുരുഷൻമാരും. തലശ്ശേരി, പാനൂർ, കൂത്തുപറമ്പ്, ഇരിട്ടി, തളിപ്പറമ്പ്, ആന്തൂർ, പയ്യന്നൂർ, ശ്രീകണ്ഠപുരം നഗരസഭകളിലായി ആകെ 325842 വോട്ടർമാരാണ്.
കണ്ണൂർ കോർപ്പറേഷനിലും നഗരസഭകളിലും സ്ത്രീകളാണ് മുന്നിൽ. അയ്യൻകുന്ന്, ഏരുവേശ്ശി, മൊകേരി തുടങ്ങി ചുരുക്കം പഞ്ചായത്തുകളിൽ പുരുഷൻമാർ മുന്നിൽനിൽക്കുന്നു. ഏറ്റവും കുറവ് വോട്ടർമാർ പതിവുപോലെ വളപട്ടണത്താണ്-ആകെ 6295. 13 വാർഡുള്ള ഇവിടെയും സ്ത്രീകളാണ് കൂടുതൽ- 3252. പുരുഷൻമാർ 3043. കഴിഞ്ഞ സെൻസസിലെ കണക്കനുസരിച്ച് 7955 ആണ് ആകെ ജനസംഖ്യ. 2.03 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിൽ ജനസാന്ദ്രത പക്ഷേ 3918.72 ആണ്.
നഗരസഭകളിൽ തലശ്ശേരിയിൽത്തന്നെയാണ് കൂടുതൽ വോട്ടർമാർ -71506. കുറവ് ആന്തൂരിലും-22419. കൂടുതൽ നഗരസ്വഭാവമുള്ള കൂത്തുപറമ്പിന്റെ (25330) ഇരട്ടിയോളം വോട്ടർമാർ ഗ്രാമസ്വഭാമുള്ള പാനൂരിൽ ഉണ്ട്-49942. കൂടുതൽ വോട്ടർമാരുള്ള പഞ്ചായത്ത് അഞ്ചരക്കണ്ടിയാണ്-35126. ചിറക്കൽ, മുണ്ടേരി, വേങ്ങാട് തുടങ്ങിയവയാണ് മുപ്പതിനായിരത്തിനുമേൽ വോട്ടർമാരുള്ള പഞ്ചായത്തുകൾ. കൂത്തുപറമ്പ്, ആന്തൂർ നഗരസഭകളെക്കാൾ കൂടുതൽ വോട്ടുണ്ട് ഈ പഞ്ചായത്തുകളിൽ.
2015-ലെ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെ 1834051 വോട്ടർമാരായിരുന്നു; 983637 സ്ത്രീകളും 85409 പുരുഷൻമാരും. കഴിഞ്ഞ കൊല്ലം ലോക്സഭാ തിരഞ്ഞെടുപ്പായപ്പോൾ ആകെ വോട്ടർമാർ 1891493 ആയി. തദ്ദേശ തിരഞ്ഞെടുപ്പായപ്പോൾ കൂടിയത് 74964 പേരാണ്. ഒക്ടോബർ 27 മുതൽ 31 വരെവോട്ട് ചേർക്കാനും ഒഴിവാക്കാനും അവസരമുള്ളതുകൊണ്ട് ഇനിയും വോട്ടർമാരുടെ എണ്ണത്തിൽ വ്യത്യാസം വന്നേക്കാം.
നവംബർ ഒമ്പതോടെ അന്തിമ പട്ടിക പ്രസിദ്ധപ്പെടുത്തണമെന്നാണ് സംസ്ഥാന ഇലക്ഷൻ കമ്മിഷന്റെ നിർദേശം.