കണ്ണൂർ :- കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി തദ്ദേശ സ്ഥാപന തലത്തില്‍ നിയമിതരായ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ പരിശോധനകള്‍ വ്യാപകമാക്കി. ഇതേത്തുടര്‍ന്ന് ജില്ലയില്‍ ഇന്ന് 528 കേസുകള്‍ ചാര്‍ജ് ചെയ്തു.
ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ 272ഉം, സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 118ഉം സാമൂഹ്യ അകലം പാലിക്കാതെ പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ 55ഉം, പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി കൂട്ടംകൂടിയതിന് 29ഉം മാസ്‌ക്കും സാനിറ്റൈസറും ലഭ്യമാക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 25ഉം ഉള്‍പ്പെടെ കേസുകളാണ് ചാര്‍ജ് ചെയ്തത്. റോഡുകളില്‍ തുപ്പല്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കല്‍, നിരോധനാജ്ഞാ ലംഘനം, കണ്ടെയിന്‍മെന്റ് സോണില്‍ അനുമതിയില്ലാത്ത കടകള്‍ തുറക്കല്‍, കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊതുഗതാഗത വാഹനങ്ങള്‍ ഓടിക്കല്‍ തുടങ്ങിയവയാണ് കേസുകള്‍ ചാര്‍ജ് ചെയ്ത മറ്റ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍.
സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ചാര്‍ജ് ചെയ്ത കേസുകളില്‍ പോലിസിന്റെ സഹായത്തോടെ നടപടികള്‍ സ്വീകരിക്കും. വരും ദിനങ്ങളില്‍ പരിശോധനകള്‍ വ്യാപകമാക്കാനും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാനും സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നാല്, നഗരസഭകളില്‍ രണ്ട്, പഞ്ചായത്തുകളില്‍ ഒന്ന് എന്നിങ്ങനെ 93 ഗസറ്റഡ് ഓഫീസര്‍മാരെയാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരങ്ങളോടെ സെക്ടര്‍ മജിസ്ട്രേറ്റുമാരായി സർക്കാർ നിയമിച്ചത്. ഇവര്‍ക്ക് പോലിസിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.
കൊവിഡ് വ്യാപനം ശക്തമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 31 വരെ ക്രിമിനല്‍ നടപടിച്ചട്ടം 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്നും സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധിക്കും. ഇതിന്റെ ഭാഗമായി ഇവര്‍ വിവിധ ടൗണുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി ഓരോ ദിവസവും നടത്തിയ പരിശോധനകള്‍, കൈക്കൊണ്ട നടപടികള്‍ എന്നിവ ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.