ചേലേരി :- ചേലേരിയിലെ റോഡിനിരുവശവും കാട് മൂടി കിടക്കുന്നത് പ്രദേശവാസികൾക്ക് ദുരിതമായിരിക്കുകയാണ്. റോഡരികിലൂടെ നടന്നുപോകാനോ വാഹനങ്ങൾ എതിർ ദിശയിൽ നിന്നു വരുന്നത് കാണാൻ സാധിക്കാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്. വളവുകളിൽ അടക്കം കാട് മൂടി കിടക്കുന്നതിനാൽ വാഹനാപകടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.
കൂടാതെ ഇവിടെ മാലിന്യം തള്ളുന്നത് പതിവാകുന്നു . റോഡിനു ഇരുവശത്തും കാടുപിടിച്ച അവസ്ഥയിലായതിനാൽ രാത്രി സമയങ്ങളിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ തെരുവുനായകളും മറ്റു ജന്തുക്കളും കൂടി റോഡിലേക്ക് വലിച്ചിടുകയും ചെയ്യുന്നു.പ്രഭാതസവാരിക്ക് ഇറങ്ങുന്നവർക്ക് ഇതൊരു നിത്യ കാഴ്ചയാണ്.
ചേലേരി അമ്പലം മുതൽ കൊളച്ചേരിമുക്ക് വരെ സി സി ടി വി വയ്ക്കണം എന്ന ആവശ്യം ജനങ്ങളിൽ നിന്ന് ഉയർന്നുവരുന്നുണ്ട്.
ചേലേരി അമ്പലത്തിനു മുമ്പിൽ സ്ഥാപിച്ച സ്റ്റ്രീറ്റ് ലൈറ്റ് മാസങ്ങളായി മിഴി അടഞ്ഞതും മാലിന്യ നിക്ഷേപകർക്ക് അനുഗ്രഹമായിട്ടുണ്ട്. രാത്രിയാത്രികർ റോഡിൽ വെളിച്ചമില്ലാത്തത് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
അപകടം നടന്നാൽ കണ്ണു തുറക്കുന്ന അധികൃതരുടെ പതിവു ശൈലി മാറ്റി നാടിനെ ദുരന്തത്തിലേക്ക് തള്ളിവിടാതെ ഉടൻ പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നതാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.