വിങ്ങുന്ന മനസ്സുമായി ഖാദർക്ക വിടവാങ്ങി , അന്ത്യാഭിലാഷങ്ങൾ പൂവണിയിച്ച് സി.എച്ച് സെൻ്റർ ഖബറടക്ക ചടങ്ങുകൾ നടത്തി


പള്ളിപ്പറമ്പ് :- വിങ്ങുന്ന മനസ്സുമായി
ഖാദർക്കയും വിടവാങ്ങി ,അന്ത്യാഭിലാഷങ്ങൾ പൂവണിയിച്ച് സി.എച്ച് സെൻ്റർ ഖബറടക്ക ചടങ്ങുകൾ നടത്തി .

മനസ്സിന് ഏറെ നൊമ്പരമായ ഒരനുഭവമായിരുന്നു എളയാവൂർ സി.എച്ച്.സെൻ്റർ എന്ന കാരുണ്യ ഭവനത്തിനും അതിൻ്റെ ഭാരവാഹികൾക്കും ഇന്നലെ സമ്മാനിച്ചത്. എല്ലാവരുമുണ്ടായിട്ടും ജീവിതത്തിന്റെ സായംസന്ധ്യയിൽ ഒറ്റപ്പെട്ടു പോയ ഖദർക്ക ( ഖാദറുപ്പ) ഈ ലോകത്തോട് വിട പറഞ്ഞു. 

ഒസിയത്ത് പ്രകാരം അദ്ദേഹത്തിൻ്റെ അന്ത്യകർമ്മം സി.എച്ച്.സെൻ്റർ തന്നെ ഏറ്റെടുത്ത് നടത്തുകയായിരുന്നു. ജീവിത കാലത്ത് അദ്ദേഹം അഭിമുഖീകരിക്കേണ്ടി വന്ന ദുർവിധി മറ്റാർക്കും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
ഒരു നാടിന് ഒരു കാലത്ത് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു  ഖാദർക്ക. മനസ്സിനകത്തെ വിങ്ങലുകളും നൊമ്പരങ്ങളും അദ്ദേഹം സന്ദർശിക്കുന്നവരോട് വിവരിക്കുമായിരുന്നു. എങ്കിലും ജീവിതത്തിന്റെ സായം സന്ധ്യയിൽ കൈത്താങ്ങായ സി.എച്ച് സെന്റെറിലെ ജീവിതം അദ്ദേഹത്തിന് ഏറെ ആശ്വാസം പകരുന്നതായിരുന്നു.

ഇന്നലെ നബിദിന സുദിനത്തിൽ എളയാവൂർ സി.എച്ച്.സെന്റെറിൽ സാന്ത്വന പരിളാനങ്ങൾ ഏറ്റുവാങ്ങി അദ്ദേഹം വിട വാങ്ങിയപ്പോൾ മറ്റു അന്തേവാസികളുടെയും സാന്ത്വന പരിചാരകരുടെയും ഭാരവാഹികളുടെയും കണ്ണുകൾ ഈറനണിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി സി.എച്ച്.സെൻ്ററിലെ അന്തേവാസിയായ ഖാദർക്കയുടെ ഒറ്റപെടലിൻ്റെ നൊമ്പരം  അദ്ദേഹത്തിൻ്റെ നാട്ടുകാരനും എളയാവൂർ സി.എച്ച്.എമ്മിലെ അധ്യാപകനുമായ അബ്ദുൾ ജബ്ബാർ മാസ്റ്ററാണ്. സി.എച്ച്.സെൻ്ററിന്റെ ഭാരവാഹികളെ അറിയിക്കുന്നത് തദടിസ്ഥാനത്തിൽ അദ്ദേഹത്തെ ഏറ്റെടുക്കാൻ ഭാരവാഹികൾ അദ്ദേഹത്തിൻ്റെ നാട്ടിൽ പോകുകയും അവിടെ ഖാദർക്കയെ ആദ്യമായി കണ്ട  ദയനീയഅവസ്ഥ ഒരു വല്ലാത്ത അനുഭവമായിരുന്നു. തീർത്തും ഒറ്റപ്പെട്ട ഖാദർക്കയെ അതും ഒരു ഭാഗം തളർന്നു കിടക്കുന്ന ഖാദർക്കാക്ക് താല്കാലിക സംരക്ഷണം ചെയ്തു കൊടുത്തിരിക്കുന്നത് നിർധനനായ ഒരു വ്യക്തിയായിരുന്നു.
അദ്ദേഹത്തിന്റെ കുടുംബത്തിൻ്റെ പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് ചെയ്യുന്ന കാര്യങ്ങൾ കണ്ട് സി.എച്ച് സെൻ്റർ ഭാരവാഹികളുടെ മനസ്സ് വല്ലാതെ വേദനിച്ചു. ഒരു പൊളിഞ്ഞു വീഴാറായ  കുടിലിനുള്ളിൽ തളർന്നു കിടക്കുന്ന ഖാദർക്കയെ കണ്ടപ്പോൾ ഏറ്റെടുക്കാൻ പോയവർക്ക് അത് കണ്ടു നിൽക്കാൻ സാധിക്കുമായിരുന്നില്ല. പിന്നെ ഒന്നും ചിന്തിച്ചില്ല ഖാദർക്കയെ അപ്പോൾ തന്നെ ഏറ്റെടുക്കുകയായിരുന്നു. 

തീർത്തും കിടപ്പിലായിരുന്ന ഖാദർക്കയെ സി.എച്ച് സെന്ററിൽ കൊണ്ട് വന്ന് സ്വന്തം പിതാവിനെ പരിചരിക്കുന്നത് പോലെ  പരിചരിക്കാൻ തുടങ്ങി പതിയെ പതിയെ അദ്ദേഹം എഴുന്നേറ്റ് നടക്കാനും തുടങ്ങി. അത് അദ്ദേഹത്തിന് ഏറെ ആശ്വാസവും സന്തോഷവുമായി മാറി.
സ്വന്തം ജീവിതത്തിൽ ഖാദർക്ക അനുഭവിക്കേണ്ടി വന്ന നീറുന്ന ജീവിത യാഥാർത്ഥ്യങ്ങൾ ആരുടെയും മനസ്സിനെ വേദനിക്കുന്നതായിരുന്നു.അത് വിവരണാതീതവും നൊമ്പരവുമാണ്.. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ അനുഭവ ചിത്രം അല്പ ഭാഗം ഒരു വേള സി.എച്ച്.സെൻ്റർ സന്ദർശിച്ച പ്രമുഖ സലഫി പണ്ഡിതൻ ഉനൈസ് പാപ്പിനശ്ശേരി യോട് അദ്ദേഹം തന്നെ വേദനയോടെ വിവരിച്ചതാണ്. എല്ലാവരുമുണ്ടായിട്ടും ഒറ്റപ്പെട്ടുപോയ ഖാദർക്കയുടെ ജീവിതം മറ്റാർക്കും സംഭവിക്കാതിരിക്കട്ടെ .. എന്ന് ഒന്നുകൂടി പ്രാർത്ഥിക്കാം..മക്കളും കൂടപ്പിറപ്പുകളുമുണ്ടായിട്ടും അവസാന നിമിഷം പരസഹായത്തിനായി കേഴുന്ന അവസ്ഥയിൽ എല്ലാം ഏറ്റെടുത്ത് പരിപാലിക്കാൻ എളയാവൂർ സി.എച്ച്.സെൻ്റർ എന്ന കാരുണ്യ ഭവനം ആശ്രയമായി..മക്കൾക്ക് പകരം മക്കളായും കൂടെപ്പിറപ്പുകൾക്ക് പകരം കൂടപ്പിറപ്പുകളായും ഇവിടത്തെ ജീവനക്കാരും ഭാരവാഹികളും മാത്രം.

മികച്ച പൊതു പ്രവർത്തകനായി  രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ഒരു കാലത്ത് തിളങ്ങി നിന്ന വ്യക്ത്വത്തിന് ഉടമയായ ഖാദർക്ക എന്ന മനുഷ്യ സ്നേഹിയുടെ നൊമ്പരപ്പെടുത്തുന്ന ജീവിത കഥ..

 എല്ലാവരേയും സ്നേഹിച്ച അദ്ദേഹം അനുഭവിച്ച നൊമ്പരങ്ങളുടെ കഥ.
മനുഷ്യ മന:സാക്ഷിയുടെ കണ്ണു തുറപ്പിക്കാൻ ദൈവം തമ്പുരാൻ അദ്ദേഹത്തിലൂടെ ഒരു ദൃഷ്ടാന്തം കാട്ടി തന്നതായിരിക്കാം ഈ വിധി... ഖാദർക്കയുടെ ജീവിതം.. കേട്ടാൽ ആരെയും കണ്ണീരണിയിക്കുന്ന ആ നൊമ്പരമാണ് മൗലവി ഉനൈസ് പാപ്പിനശ്ശേരി അദ്ദേഹത്തിന്റെ പ്രഭാഷണ മദ്ധ്യേ വിവരിച്ചത്.. ഏറെ വൈറലായ ആ പ്രഭാഷണം കേൾക്കാത്തവർ വിരളം. 

ഇന്നും ആ പ്രഭാഷണത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി ഉണ്ട്. ഇവിടം സന്ദർശിക്കുന്ന പലരോടും താൻ അനുഭവിച്ച നൊമ്പരങ്ങൾ കരഞ്ഞു കൊണ്ട് അദ്ദേഹം വിവരിക്കാറുണ്ട്... രാഷ്ട്രീയരംഗത്ത് ഏറെ പ്രവർത്തിച്ച ഖാദർക്ക യുടെ പ്രിയപ്പെട്ട നേതാവാണ് ശ്രീ.കെ.സുധാകരൻ എം.പി. യാണ് അദ്ദേഹത്തെ കിടപ്പിലായ വേളയിലും കാണമെന്ന ഖാദർക്കയുടെ അഭിലാഷം പൂവണിയിക്കാനും സി.എച്ച്.സെൻ്ററിന് സാധിച്ചിട്ടുണ്ട്. ഇവിടം സന്ദർശിക്കുന്ന കോൺഗ്രസ്സ് നേതാക്കളോടും പ്രവർത്തകരോടും കുശലം പറയാൻ ഏറെ തിടുക്കമാണ് നമ്മുടെ ഖാദർക്കാക്ക്. 

കോൺഗ്രസ്സ് പ്രസ്ഥാനം അദ്ദേഹത്തിൻ്റെ വികാരമാണ്. ആ വികാരത്തിൻ്റെ പ്രതിധ്വനി ഇന്ന് അദ്ദേഹത്തെ അവസാനമായി കാണാൻ പൊതു ദർശനത്തിന് വെച്ച പള്ളിപ്പറമ്പ് ജുമാ മസ്ജദ് പരിസരത്ത് കാണാൻ സാധിച്ചു. പ്രദേശിക കോൺഗ്രസ്സ് നേതാക്കളടക്കം അവിടെ സന്നിഹിതരായിരുന്നു. കഴിഞ്ഞ രണ്ടു മാസമായി  ഖാദർക്ക പൂർണ്ണമായും കിടപ്പിലായിട്ട് എന്നാലും സി.എച്ച്.സെൻ്ററിലെ ചരിചാരകരായ ജമീഷയും അക്രം പളളിപ്രവും ഒപ്പം മറ്റ് ജീവനക്കാരും കൂടെ സി.എച്ച് ഹോസ്പിറ്റലിലെ ഡോക്ടർമാരും ചേർന്ന് അദ്ദേഹത്തെ  ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഏറെ പരിശ്രമിച്ചു കൊണ്ടിരുന്നു.പക്ഷെ ദിവസം കഴിന്തോറും ആരോഗ്യ നില വഷളായി കൊണ്ടേയിരുന്നു.ഖാദർക്കയുടെ ഈ അവസ്ഥയറിഞ്ഞ ജബ്ബാർ മാസ്റ്ററും അദ്ദേഹത്തിൻ്റെ നാട്ടുക്കാരനും മുസ്ലിം ലീഗ് നേതാവുമായ കൊടിപ്പൊയിൽ മുസ്തഫ സാഹിബും പള്ളികമ്മറ്റി ഭാരവാഹികളും അദ്ദേഹത്തിൻ്റെ അകന്ന ബന്ധുക്കളും സി.എച്ച്.സെൻ്ററിൽ കാണാൻ വരാറുണ്ടായിരുന്നു. നബിദിന സുദിനമായ ഇന്നു കാലത്ത് അദ്ദേഹത്തിൻ്റെ രോഗം മൂർചിക്കുകയും ഉച്ചയോടെ ഖാദർക്ക വിടപറയുകയുമായിരുന്നു.മരണ വാർത്ത ഉടൻ തന്നെ അദ്ദേഹത്തിൻ്റെ മഹൽ ഭാരവാഹികളെ അറിയിക്കുകയും ഖാദർക്കയുടെ ഒസിയത്ത് അവരോട് പറയുകയുമുണ്ടായി." ഞാൻ മരിച്ചു കഴിഞ്ഞാൽ എൻ്റെ മയ്യിത്ത് ആരുടെയും വീട്ടിൽ കൊണ്ടു പോകരുത്... എൻ്റെ പ്രായമായ ഉമ്മനെ മാത്രം കാണിക്കുക.... എൻ്റെ മയ്യത്ത് എനിക്ക് അവകാശപ്പെട്ട എൻ്റെ മഹലിലെ ഖബർ സ്ഥാനിൽ മറമാടുക." ഇതായിരുന്നു സി.എച്ച്.സെൻ്റർ ഭാരവാഹികളോടും പരിചാരകരോടും ഖദർക്ക പറഞ്ഞ ഒസിയത്ത്... ആ ഒസിയത്ത് പ്രകാരമാണ്  എല്ലാ കാര്യങ്ങളും സി.എച്ച്.സെൻ്റർ ഏറ്റെടുത്ത് നടത്തിയത്. പക്ഷെ ഉമ്മാനെ മാത്രം കാണിക്കാൻ സാധിച്ചില്ല. ഉമ്മ അവശയായി കിടപ്പിലാണെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.

ഖാദർക്കയുടെ ഒസിയത്ത് പ്രകാരം ഖബറടക്കാൻ  പൂർണ്ണ പിന്തുണ പള്ളിപ്പറമ്പ് മഹൽ കമ്മറ്റി നൽകിയത്. നബിദിന ദിവസമായത് കൊണ്ട് സെൻ്റർ സന്ദർശിക്കാൻ എത്തിയ തളിപ്പറമ്പ് അൽ മഖറിലെ വിദ്യാർത്ഥികളും .
മകൻ്റെ പിറന്നാൾ ആയത് കൊണ്ട് അന്തേവാസികൾക്ക് ഭക്ഷണം നൽകാൻ എത്തിയ കണ്ണൂർ ജില്ലാ എം.എസ്.എഫ് ഭാരവാഹി ഷുഹൈബ് കൊതേരിയും സുഹൃത്തുക്കളും, മരണ വാർത്തയറിഞ്ഞ് എത്തിയ പരിസര വാസികളും ഖാദർക്കയുടെ മയ്യിത്ത് സന്ദർശിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു.ഉച്ച കഴിഞ്ഞ് ഏകദേശം 3 മണിയോടെ സെൻ്ററിൽ നിന്നും മയ്യിത്ത് പരിപാലനം കഴിഞ്ഞ് സെൻ്ററിൻ്റെ അങ്കണത്തിൽ മയ്യിത്ത് നിസ്ക്കരിക്കാനുള്ള ഒരുക്കങ്ങളും നടത്തി. സെൻറർ ഭാരവാഹികളായ സത്താർ എഞ്ചിനിയർ, സി.എച്ച്.മുഹമ്മദ് അഷ്റഫ്, എൻ.പി.കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ അതിന് നേതൃത്വവും നടത്തിയിട്ടുണ്ടായിരുന്നു. 

മയ്യിത്ത് നിസ്കാരത്തിന് ശേഷം താൻ മൂന്ന് വർഷത്തിലേറെയായി കഴിഞ്ഞു വന്ന സി.എച്ച്.സെൻ്ററിൽ നിന്നും അവസാനമായി യാത്രയാകുമ്പോൾ ഖാദർക്കയെ എന്നേന്നേക്കുമായി യാത്രയ്ക്കാൻ ഡോക്ടർമാരും നേഴ്സിംഗ് സ്റ്റാഫുകളും ജീവനക്കാരും അവിടെ ഉണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുമായി ഒരു മകളെ പോലെ ഖാദർക്കയെ പരിചരിച്ച സി.എച്ച് സെൻ്ററിലെ ഞങ്ങളുടെ പെങ്ങളുട്ടി ജമീഷയും അവിടെ ഉണ്ടായിരുന്നു. നാലു മണിയോടെ സെൻ്ററിൻ്റെ ആംബുലൻസിൽ ഞാനും ഷബീറും അക്രം പള്ളിപ്രവും, പി.കെ.മുഹമ്മദലിയും പള്ളിപ്പറമ്പ് പള്ളിയിലേക്ക് പുറപ്പെട്ടു. 

അവിടെ ആവശ്യമായ എല്ലാ ഒരുക്കങ്ങളും കൊടിപ്പൊയിൽ മുസ്തഫയും ,കെ പി മുനീറും മഹല്ല്കമ്മറ്റി ഭാരവാഹികളും ചെയ്തിരുന്നു.എൻ്റെ ഖാദർക്കയെ സ്നേഹിച്ച നാട്ടുകാരും അവിടെ അദ്ദേഹത്തെ ഒരു നോക്കു കാണാൻ എത്തിയിരുന്നു. അവിടെ വെച്ചു നടന്ന മയ്യിത്ത് നിസ്ക്കാരത്തിനും പ്രാർത്ഥനയ്ക്കും ശേഷം അദ്ദേഹത്തിൻ്റെ ജീവിത അഭിലാഷം പോലെ അദ്ദേഹത്തിന് അവകാശപ്പെട്ട ആറടി മണ്ണിലേക്ക് ഒരു ഓർമ്മയായി ഖാദർക്ക എന്നന്നേക്കുമായി കൂടണഞ്ഞു.
Previous Post Next Post