കണ്ണൂർ: - 2018, 2019 വർഷത്തെ പുരസ്കാര വിതരണവും യുവജനക്ഷേമ ബോർഡ് ലോക് ഡൗൺ സമയത്ത് നടപ്പിലാക്കിയ 'യുവത്വം കൃഷിയിലേക്ക്' കാർഷിക മത്സരത്തിൽ വിജയികളായ ക്ലബ്, കോ-ഓർഡിനേറ്റർമാർക്കുള്ള പുരസ്കാര വിതരണവും നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിതരണം ചെയ്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർരായ ബിജു കണ്ടക്കൈ, മഹേഷ് കക്കത്ത് തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദൻ പൃത്തിയിൽ സ്വാഗതവും ജില്ലാ കോ-ഓർഡിനേറ്റർ സരിൻ ശശി നന്ദിയും പറഞ്ഞു.
മികച്ച യുവക്ലബായി തെരഞ്ഞെടുക്കപ്പെട്ടത് കണ്ണൂർ ജില്ലയിലെ കൊളച്ചേരി പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന യുവക്ലബ് നൂഞ്ഞേരി കോളനിയാണ്. സാമ്പത്തികവും സാമൂഹികവും പിന്നോക്കം നിൽക്കുന്ന ഹരിജന കോളനികളുടെ ഉന്നമനം സാധ്യമാക്കുക, അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കീഴിൽ യുവക്ലബുകൾ സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ടത്. അതേ ലക്ഷ്യരൂപീകരണത്തിനായിട്ടാണ് 18/5/2018ന് കൊളച്ചേരി പഞ്ചായത്തിൽ പതിനൊന്നാം വാർഡ് നൂഞ്ഞേരിയിൽ യുവ ക്ലബ് രൂപീകരിക്കപ്പെട്ടത്. പ്രസിഡന്റ് സൗപർണിക കെ, സെക്രട്ടറി വൈശാഖ് എ, വൈസ് പ്രസിഡന്റ് ശരത്ത് കെ, ജോയിൻ സെകട്ട്രറി ശരണ്യ കെ, ട്രെഷറർ നിതീഷ് എ എന്നിവർ ക്ലബ്ബിന്റെ ചുമതലയേറ്റു. 15 മുതൽ 35 വയസ്സ് വരെയുള്ള പതിനഞ്ചോളം യുവതികളെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് 30 അംഗങ്ങളുമായാണ് യുവ ക്ലബ് നൂഞ്ഞേരി രൂപംകൊള്ളുന്നത്. ഉറഞ്ഞുകൂടിയ യുവത്വത്തിന്റെ ആവേശം ഉണർത്താനും അതുവഴി നാടിന്റെ സുദീർഘമായ മുന്നേറ്റത്തിന് തറക്കല്ലിടാനും യുവാക്ലബ് പ്രവർത്തനങ്ങൾക്ക് സാധിച്ചു. ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വനിതകൾക്കായുള്ള കുട നിർമ്മാണ പരിശീലനം. ഇതിലൂടെ വീട്ടമ്മകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനും അതുവഴി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിച്ചു. തുടർന്ന്, പ്രദേശവാസികൾക്കായുള്ള രക്തഗ്രൂപ്പ് നിർണ്ണയ ക്യാംപ് നടത്തുകയും ക്ലബ് മെമ്പർമാർ അടക്കമുള്ള രക്തദാന സന്നദ്ധ സേന രൂപീകരിച്ചു. വയോജനങ്ങൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ്, നാട്ടിൻ പ്രദേശം പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ആദ്യപടിയെന്ന വണ്ണം തുണിസഞ്ചി വിതരണം, ലഹരി ബോധവൽക്കരണ ക്ലാസ്സ്, മഴക്കാല രോഗങ്ങളെ ചെറുക്കുന്നതിനായി പ്രദേശവാസികൾ ക്കായി ബോധവൽക്കരണ ക്ലാസും ശുചീകരണ പ്രവർത്തനങ്ങളും ക്ലബ്ബിന്റേതായിട്ടുണ്ട്. ഒട്ടേറെ ടീമുകളെ അണിനിരത്തി ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചും, ഫുട്ബോൾ കോച്ചിങ് ക്യാംപുകൾ സംഘടിപ്പിച്ചും കായികമേഖലയിൽ ക്ലബ് തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. 2019 ഓഗസ്റ്റിൽ നാശംവിതച്ച് പ്രളയത്തിൽ വീടുകളിൽ അകപ്പെട്ടു പോയവരെയും അവരുടെ ആവശ്യസാധനങ്ങൾ സുരക്ഷിത സ്ഥാനത്ത് എത്തിക്കാനും, പ്രളയാനന്തര വീടുകളിലെ ശുചീകരണ പ്രവർത്തനം ഏറ്റെടുത്തു ചെയ്യുവാനും, അഭയാർത്ഥി ക്യാംപുകളിൽ വസ്ത്രം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കുവാനും യുവക്ലബ് മുൻപന്തിയിലുണ്ടായിരുന്നു. 2019 കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച മണിനാദം നാടൻപാട്ട് മത്സരത്തിൽ കണ്ണൂർ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് യുവ ക്ലബ്ബിന്റെ യശസ്സ് വാനോളം ഉയർത്താൻ ക്ലബ്ബിലെ കൊച്ചു കലാകാരന്മാർക്ക് സാധിച്ചു. കാരുണ്യ പ്രവർത്തനങ്ങൾ ആയിരുന്നു യുവക്ലബ് ഏറ്റെടുത്തു ചെയ്തിരുന്നത്. നിർധന കുടുംബങ്ങളിലെ ഭീമമായ ചികിത്സാചെലവ് താങ്ങുവാൻ സാധിക്കാത്ത രോഗികൾക്ക് തങ്ങളാലാവും വിധത്തിലുള്ള മെച്ചപ്പെട്ട ഒരു സംഖ്യ എത്തിച്ചു നൽകാൻ യുവക്ലബിന് സാധിച്ചിട്ടുണ്ട്. ഈയൊരു ഉദ്യമത്തിന് നാട്ടുകാരിൽ നിന്നും വളരെ നല്ല പിന്തുണ എല്ലായ്പ്പോഴും ലഭിക്കാറുണ്ട്. ചികിത്സാ സഹായത്തിനായി ഫണ്ട് ലഭിച്ചവരിൽ ഏറെപ്പേരും രോഗത്തിൽ നിന്ന് മുക്തരായി എന്നുള്ളത് യുവക്ലബിന് ആശ്വാസകരവും അഭിമാനകരവുമാണ്. കണ്ണൂർ മേലെചൊവ്വയിൽ പ്രവർത്തിച്ചുവരുന്ന വനിതാ അഗതിമന്ദിരമായ അമലാ ഭവനിൽ ക്ലബ് അംഗങ്ങൾ പലപ്പോഴായി സന്ദർശനം നടത്തി വരാറുണ്ട്. ഓണം, വിഷു പോലുള്ള വിശേഷദിവസങ്ങളിൽ അശരണരായ അമ്മമാർക്കൊപ്പം ഒരു ദിനം ചെലവഴിക്കാനും, ഒരുനേരത്തെ ഭക്ഷണം നൽകാനും, മങ്ങി നിൽക്കുന്ന അവരുടെ ജീവിതം ഒരു നേരത്തേക്കെങ്കിലും നിറമുള്ളതാക്കി തീർക്കാനും ആ സന്ദർശനത്തിലൂടെ സാധിക്കാറുണ്ട്. ഭക്ഷണത്തിനു പുറമെ, വസ്ത്രങ്ങളും ചെരിപ്പുകളും മറ്റു നിത്യോപയോഗ സാധനങ്ങളും അമ്മമാർക്ക് നൽകുകയും, ക്ലബിന്റെ ഒന്നാം വാർഷികം അവർക്കൊപ്പം ആഘോഷിക്കുകയും ചെയ്തു. കൊവിഡ്-19 എന്ന മഹാമാരിയുടെ മുന്നിൽ ലോകം വിറങ്ങലിച്ചു നിൽക്കവെ, അതിനുള്ള ചെറുത്തുനിൽപ്പ് എന്നവണ്ണം ഹാൻഡ് വാഷ് സ്വയം നിർമ്മിക്കുകയും, കൊളച്ചേരി പഞ്ചായത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കും, നൂഞ്ഞേരി പ്രദേശവാസികൾക്കും സൗജന്യ വിതരണം നടത്തി. തുടർന്ന്, സമീപപ്രദേശങ്ങളിൽ പ്രവർത്തിച്ചുവരുന്ന ക്ലബുകൾ മുഖേന ആ നാടുകളിലേക്കും ഹാൻഡ് വാഷ് എത്തിച്ച് അതിൽ നിന്നും സ്വരൂപിച്ച ഒരു തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു. യുവക്ലബിന്റെ പ്രവർത്തനങ്ങളിൽ നല്ലവരായ നാട്ടുകാർ, വാർഡ് മെമ്പർ കെ.സി.പി ഫൗസിയ, നാറാത്ത് പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്റർ ജംഷീർ എന്നിവരുടെ പങ്ക് വളരെയധികം വിലമതിക്കുന്നതാണ്. ക്ലബിന്റെ പ്രവർത്തനങ്ങളിൽ തുടക്കകാലം എതിർപ്പിന്റെ സ്വരം ഒരുപാട് ഉയർന്നുവെങ്കിലും, ക്ലബിന്റെ പ്രവർത്തനങ്ങൾ കണ്ടും സംസ്ഥാന സർക്കാരിന്റെ പുരസ്കാര പ്രഖ്യാപനത്തോട് കൂടിയും എതിർപ്പുകളുടെ കാഹളം കെട്ടടങ്ങി. പരിഹാസവും ഏറെ വിമർശനവും തൊടുത്തവർക്കുള്ള മറുപടി കൂടിയാണ് ഈ അവാർഡ്. ഈയൊരു അംഗീകാരം സമൂഹത്തോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്വവും മനസ്സിലാക്കിക്കൊണ്ട് കൂടുതൽ ഉണർന്നു പ്രവർത്തിക്കാൻ തങ്ങളെ പ്രതിജ്ഞാബദ്ധരാണ് എന്ന തിരിച്ചറിവോടുകൂടിയാണ് യുവാക്കൾ തങ്ങളുടെ ഭാവി പരിപാടി ആസൂത്രണം ചെയ്യുന്നത്.