ന്യൂഡൽഹി :- കൊവിഡ് ബാധയെ തുടർന്ന് പൂട്ടിയിട്ടിരുന്ന തീയറ്ററുകൾ ഏഴ് മാസങ്ങൾക്ക് ശേഷം തുറന്നു. കർണാടക, പശ്ചിമബംഗാൾ, ഡൽഹി, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തീയറ്ററുകൾ തുറന്നത്. കേരളം അടക്കം മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും തീയറ്ററുകൾ അടഞ്ഞുകിടക്കുകയാണ്. കേരളം, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ തീയറ്ററുകളാണ് അടഞ്ഞുകിടക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തീയറ്ററുകളുടെ പ്രവർത്തനം. സീറ്റിങ് കപ്പാസിറ്റിയുടെ അമ്പത് ശതമാനം മാത്രമാണ് ആളുകൾക്ക് അനുവദിച്ചിട്ടുള്ളത്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ ഷോ സമയക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. തീയറ്ററിൽ പ്രവേശിക്കാൻ മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. സാമൂഹ്യ അകലം കർശനമായി പാലിക്കണം. തെർമൽ സ്കാനിങ് നടത്തിയതിനു ശേഷമേ ആൾക്കാരെ തീയറ്ററിനുള്ളിൽ പ്രവേശിപ്പിക്കൂ. തീയറ്ററിനുള്ളിൽ വിൽക്കുന്ന ഭക്ഷണം അൾട്രാവയലറ്റ് കിരണം ഉപയോഗിച്ച് അണുവിമുക്തമാക്കണം. ജീവനക്കാർക്ക് പിപിഇ കിറ്റുകൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
തീയറ്ററുകൾ തുറന്നു എങ്കിലും ആളുകൾ പുറംതിരിഞ്ഞ് നിൽക്കുകയാണ്. പലയിടങ്ങളിലും ആളൊഴിഞ്ഞ തീയറ്ററിലാണ് പ്രദർശനം നടത്തിയത്. ചില തീയറ്ററുകളിൽ വിരലിൽ എണ്ണാവുന്നവർ മാത്രമേ എത്തിയുള്ളൂ. ഈ ആഴ്ച തീയറ്ററുകളിൽ പുതിയ സിനിമകൾ റിലീസ് ചെയ്യില്ല. തീയറ്റർ തുറന്നാൽ റീറിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന നരേന്ദ്രമോദിയും റിലീസ് ചെയ്തിട്ടില്ല.