കണ്ണൂർ :- രണ്ടര വർഷമായി ഓൺലൈൻ മാധ്യമങ്ങളിലും കേരളത്തിലെ വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രസിദ്ധീകരിച്ചു വരുന്ന 'ദിവസ വിശേഷം ' പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ് കണ്ണൂർ പൊതുവാച്ചേരി സ്വദേശി എ ആർ ജിതേന്ദ്രൻ.സർക്കാർ ജീവനക്കാരനായ ഇദ്ദേഹത്തിന് സർക്കാറിൽ നിന്നുള്ള അനുമതി കഴിഞ്ഞ ദിവസം ലഭിച്ചു കഴിഞ്ഞു.ഇനി നല്ല പ്രസാധകരെ കണ്ടെത്തി പുസ്തകം പ്രസിദ്ധപ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.
കണ്ണൂർ കോർപ്പറേഷൻ ഓഡിറ്റ് വിഭാഗത്തിൽ ഓഡിറ്റ് ഓഫീസറാണ് എ. ആർ.ജിതേന്ദ്രൻ. അത് കൊണ്ട് തന്നെ പുസ്തകം ഇറക്കാനുള്ള അനുമതിക്കായി ഇദ്ദേഹം ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കുകയും കഴിഞ്ഞ ദിവസം സർക്കാർ നിന്നുള്ള അനുമതി രേഖാമൂലം തന്നെ ലഭിക്കുകയും ചെയ്തു.
ജിതേന്ദ്രന്റെ 'ദിവസവിശേഷങ്ങൾ' ഇന്ന് സംസ്ഥാനത്ത് നൂറോളം വാട്‌സ് അപ്പ് ഗ്രൂപ്പുകളിലും 'കൊളച്ചേരി വാർത്തകൾ Online ' ഉൾപ്പെടെയുള്ള നൂറോളം Online മാധ്യമങ്ങളിലും മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ചില സ്കൂളുകൾ ഇതിൻ്റെ ഓഡിയോ രൂപത്തിലുള്ള വിവരണം അതാത് സ്കൂളിൽ നൽകിയും വരുന്നുണ്ട്. വിദ്യാർഥികൾക്കും മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും ഏറെ പ്രയോജന പ്രദമായ പക്തിയായി വിലയിരുത്തപ്പെടുന്നത്.
എല്ലാ ദിവസവും രാവിലെ മൊബൈലിൽ തെളിയുന്ന ഈ ദിവസ വിശേഷം ആ ദിവസത്തിനും ഒരാഴ്ചമുമ്പാണ് ജിതേന്ദ്രൻ തയ്യാറാക്കുന്നത്. എന്നിട്ട് സുഹൃത്തും എറണാകുളം അഡ്വക്കറ്റ് ജനറൽ ഓഫീസിലെ ജീവക്കാരനുമായ കോശി ജോണിന് അയച്ചു നൽകും. അദ്ദേഹത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് ദിവസവിശേഷം പുറത്തു വരുന്നത്.
മാതൃഭൂമി സ്റ്റഡി സർക്കിൾ ജില്ലാ ഭാരവാഹിയായിരുന്ന ജിതേന്ദ്രന് ഇത് തുടങ്ങാൻ പ്രചോദനമായത് സ്റ്റഡി സർക്കിൾ സുവർണജൂബിലി കൺവീനറായിരുന്ന മയ്യിൽ സ്വദേശി പി.ഹരിശങ്കർ മാസ്റ്ററാണ്.സ്റ്റഡി സർക്കിൾ പ്രവർത്തകരുമായി എന്നും ആത്മബന്ധം പുലർത്തുന്ന ജിതേന്ദ്രൻ സ്റ്റഡി സർക്കിളിൻ്റെ മുൻ ജില്ലാ ഭാരവാഹിയാണ്.
പുഴാതി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക പ്രിയയാണ് ഭാര്യ.ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജ് വിദ്യർഥിനി മാളവിക, കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി കാർത്തിക എന്നിവർ മക്കളാണ്.
ദിവസവിശേഷം തയ്യാറാക്കുമ്പോൾ വളരെ രസകരമായതും തികച്ചും ആകസ്മികമായതുമായ നിരവധി കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി ജിതേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇന്ദിരാഗാന്ധിയുടെയും ഝാൻസി റാണിയുടെയും ജന്മദിനം നവംബർ 19 ആണ്.കസ്തൂർബാഗാന്ധിയുടെയും ഗാന്ധി സിനിമയിൽ കസ്തൂർബയെ അവതരിപ്പിച്ച ഹട്ടംഗഡിയുടെയും ജന്മദിനം ഏപ്രിൽ 11,പശ്ചിമബംഗാളിൽനിന്നുള്ള ജ്യോതിബസുവിന്റെയും സൗരവ് ഗാംഗുലിയുടെയും ജന്മദിനം ജൂലായ് എട്ടാണ്.
ലാലാ അമർനാഥിന്റെ നേതൃത്വത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടി ലോർഡ്സിൽ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനിറങ്ങിയത് 1932 ജൂൺ 25-നായിരുന്നു. അതേ ലോർഡ്സിൽ അതേ 1983- ൽ കപിൽദേവ് ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകിരീടം ഉയർത്തിയതും ജൂൺ 25-ന്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1885 ൽ സ്ഥാപിച്ചതും കോൺഗ്രസ് നേതാവ് എ.കെ.ആന്റണി (1940) ജനിച്ചതും ഡിസംബർ 28-നാണ്. എസ്.രാമചന്ദ്രൻ പിള്ള (1938), പ്രകാശ് കാരാട്ട് (1948) എന്നീ സി.പി.എം. നേതാക്കൾ ജനിച്ചത് ഫെബ്രുവരി ഏഴിനാണ്. ബി.ജെ.പി. നേതാവ് കെ. ജി.മാരാരുടെയും (1934) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും (1950) ജന്മദിനം സപ്തംബർ 17.
വില്യം ഷേക്‌സ്പിയർ (ഏപ്രിൽ 23), പി.കൃഷ്ണപിള്ള (ഓഗസ്റ്റ്19), ഡോ.ബി. സി.റോയ് (ജൂലായ് ഒന്ന്) എൻ.ഡി.തിവാരി (ഒക്ടോബർ 18) എന്നിവർ ജനിച്ചതും മരിച്ചതും ഒരേദിവസമാണ്.
സ്വന്തം ജനനത്തീയതി അറിയാത്തതിനാൽ സി.പി.എം. മുൻ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്ത് ഭഗത്‌സിങ് രക്തസാക്ഷിദിനമായ മാർച്ച് 23 സ്വന്തം ജന്മദിനമായി സ്വീകരിച്ചതും ടെൻസിങ് നോർഗേ എവറസ്റ്റ് കീഴടക്കിയ മേയ് 29 സ്വന്തം ജന്മദിനമായി സ്വീകരിച്ചതും ചരിത്രത്തിലെ രസകരമായ ദിവസവിശേഷങ്ങളാണെന്ന് ജിതേന്ദ്രൻ പറഞ്ഞു. ഇവയൊക്കെ കൂട്ടിച്ചേർത്ത് പുറത്തിറങ്ങുന്ന പുസ്തകം ഒരു ചരിത്ര രേഖയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.