കൊളച്ചേരി :- ഇവിടം ചിലനേരങ്ങളില്‍ ഒരു സ്‌കൂളാണ് ,ആ പഴയ ഗൗരവക്കാരന്‍ അധ്യാപകന് മുന്നില്‍ കുട്ടികളാകും അധ്യാപരായ ഈ മക്കളും. ചിലനേരങ്ങളില്‍ വിദ്യാലയ അന്തരീക്ഷത്തിന് തുല്യമാണ് ഒത്തുകൂടലും. ജീവിതത്തില്‍ പാലിക്കേണ്ടതും ഒഴിവാക്കേണ്ടതും എല്ലാം ചേര്‍ത്തുവെച്ചാണ് ക്ലാസ്. ബാല്യം മുതല്‍ കേട്ടുവളര്‍ന്നതാണ് അനുസരണയുടെ പാഠങ്ങള്‍. പിതാവിന്റെ ശിക്ഷണത്തില്‍ ഇവര്‍ നുകരുന്നു അധ്യാപനത്തിന്റെ മധുരം.
അധ്യാപക സേവനത്തില്‍ നിന്ന് വിരമിച്ച ചേലേരി കയ്യങ്കോട് കെ സി ഹംസയുടെ പത്ത് മക്കളില്‍ ഏഴ് പേരാണ് അധ്യാപകര്‍. എല്ലാവരും ബാപ്പയുടെ ആഗ്രഹം പോലെ പഠിച്ച് ജീവിത വിജയം കണ്ടെത്തിയവര്‍.
തന്റെ അധ്യാപന ജീവിത കാലത്ത് കണ്ട സ്വപ്നമായിരുന്നു മക്കളും അധ്യാകരാകണമെന്ന്. പിന്തുണക്കാന്‍ ആരുമില്ലാതിരുന്നിട്ടും എല്ലാവരെയും പഠിപ്പിച്ചു ഉന്നതിയിലെത്തിച്ചയാളാണ് ഈ ബാപ്പ. തങ്ങളെ അധ്യാപകരാക്കിയതിലെ ക്രെഡിറ്റ് ബാപ്പയ്ക്ക് തന്നെയാണെന്ന് മക്കളും ഉറപ്പിച്ച് പറയുന്നു.
29 വര്‍ഷം കൊളച്ചേരി കാരയാപ്പ് എഎല്‍പി സ്‌കൂളില്‍ അധ്യാപകനായിരുന്ന ഹംസ 2000ലാണ് വിരമിച്ചത്.
ഏഴ് പേരില്‍ ആറ് പെണ്‍മക്കളും ഒരാണുമാണ് അധ്യാപകരായി ജോലിചെയ്യുന്നത്.
മൂത്തയാള്‍ എംപി റഷീദ. പാലോട്ടുവയല്‍ ആര്‍കെയുപി സ്‌കൂള്‍ അധ്യാപിക. 2005 അധ്യാപികയായി ജോലിചെയ്യുന്നു. അധ്യാപിക പരിശീലന പരിപാടികളിലും ക്ലാസെടുക്കാറുള്ള ഇവര്‍ ആകാശവാണിയില്‍ കുട്ടികളുടെ പരിപാടിയിലും സംവദിക്കാനെത്തിയിട്ടുണ്ട്. ഭര്‍ത്താവ് കെ റഷീദ് അബൂദാബിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറാണ്. മക്കള്‍: മുഹമ്മദ് റഷീഖുദ്ദീന്‍, മുഹമ്മദ് റാഷിഖുദ്ദീന്‍. മൂത്തയാള്‍ ഖത്തറിലെ നാഫ്‌കോ കമ്പനിയില്‍ എഞ്ചിനിയറായും രണ്ടാമത്തവന്‍ തലശ്ശേരി കോ-ഓപ്പ് കോളജില്‍ എഞ്ചിനിയറിംഗിനും പഠിക്കുന്നു.
റഷീദയുടെ സഹോദരന്‍ ഷംസുദ്ദീനാണ് അധ്യാപകരില്‍ ഒരാള്‍. ചേലേരി മാപ്പിള എല്‍പി സ്‌കൂളില്‍ ജോലിചെയ്യുന്ന ഇദ്ദേഹം ഇപ്പോള്‍ അബൂദാബിയിലാണ്.
റഹീമയാണ് കുടുംബത്തിലെ മറ്റൊരു അധ്യാപിക. ചേലേരി മാപ്പിള എല്‍പി സ്‌കൂളിലാണ് ഇവര്‍ ജോലിചെയ്യുന്നത്. ഭര്‍ത്താവ് കെകെ മുഹമ്മദ് കണ്ണാടിപ്പറമ്പ ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപകനാണ്. മുഹമ്മദ് മുഷ്താഖ്, മുഹ്‌സിന്‍, മന്‍ഹ മഹര്‍ എന്നിവരാണ് മക്കള്‍.
നാലാമത്തെയാള്‍ ഫൗസിയ കണ്ണാടിപ്പറമ്പ് ദേശസേവാ യുപി സ്‌കൂളില്‍ അധ്യാപികയാണ്. ഭര്‍ത്താവ് മുനീര്‍. മക്കള്‍: മുവാഹിദ്, മദീഹ, മുഹ്‌സിന, മുഖ്‌ലിസ.
ഇവര്‍ക്ക് താഴെയുള്ള റസിയ അഴീക്കല്‍ ഫെറി ഖിഫായത്തുല്‍ ഇസ്‌ലാം മദ്രസ എല്‍പി സ്‌കൂള്‍ അധ്യാപികയാണ്. ഭര്‍ത്താവ് നൗഷാദ്. മക്കള്‍: ആയിഷ, അബിഷാന്‍, സഹര്‍ഷാന്‍.
കല്ല്യാശ്ശേരി സെന്‍ട്രല്‍ എല്‍പി സ്‌കൂള്‍ അധ്യാപിക റുവൈദയാണ് മറ്റൊരാള്‍. ഭര്‍ത്താവ് സികെ ഷാക്കിര്‍ മമ്പറം ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനാണ്. ജസ ഫാത്തിമ, മുഹമ്മദ് ജസല്‍ എന്നിവരാണ് മക്കള്‍.
മഖ്‌സൂറയാണ് മറ്റൊരാള്‍. തലശ്ശേരി മദ്രസ അല്‍വാരിയ്യ എല്‍പി സ്‌കൂളില്‍ ജോലിചെയ്യുന്നു. ഭര്‍ത്താവ് അന്‍സാര്‍ പാലോട്ടുവയല്‍ ആര്‍കെയുപി സ്‌കൂള്‍ അധ്യാപകനാണ്. മക്കള്‍: മുഹ്‌സിന്‍ വദൂദ്, ഐമന്‍ സാലിഹ്.
ഡിഗ്രി പൂര്‍ത്തിയാക്കിയ റസാന, മുഹമ്മദലി, ഉറുദുവില്‍ പരിശീലനം പൂര്‍ത്തിയാക്കിയ റുഖ്‌സാന എന്നിവരാണ് മേലേക്കണ്ടി പറമ്പനാടത്ത് കുടുംബത്തില്‍ കെസി ഹംസയുടെ മറ്റ് മക്കള്‍.
മുഹമ്മദലിയുടെ ഭാര്യ റൗഫിയത്തും ഉറുദു പരിശീലനം കഴിഞ്ഞ് നില്‍ക്കെയാണ്.
മക്കളും മരുമക്കളും അധ്യാപകരായി പുതിയ തലമുറകളിലെത്തി നില്‍ക്കുന്ന കാലത്ത് അനുഭവങ്ങള്‍ പകര്‍ന്ന് പുതിയതിലെ ശരിതെറ്റുകള്‍ പറഞ്ഞുകൊടുത്തുമാണ് തലമുറകള്‍ക്ക് അറിവ് പകര്‍ന്ന ഹംസ കുടുംബത്തോടൊപ്പം യാത്ര തുടരുന്നത്. തങ്ങളെ അധ്യാപകരാക്കണമെന്ന ബാപ്പയുടെ നിശ്ചയദാര്‍ഡ്യത്തിനൊപ്പം ഉമ്മ ഖദീജയുടെ പിന്തുണയുമാണ് തങ്ങളെ നല്ല നിലയിലെത്തിച്ചതെന്നും മക്കള്‍ പറയുന്നു.