കൊവിഡ് പോസ്റ്റല്‍ ബാലറ്റ്: മാര്‍ഗരേഖയായി
കൊവിഡ് 19 ബാധിതര്‍ക്കും ക്വാറന്റൈയിനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. കൊവിഡ് പോസിറ്റീവ് ആയവരേയും ക്വാറന്റൈയിനില്‍ കഴിയുന്നവരേയും സ്‌പെഷ്യല്‍ വോട്ടേഴ്‌സായാണ് (എസ് വി) പരിഗണിക്കുക. ഇവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അഥവാ എസ് പി ബി ആയാണ് പരിഗണിക്കുക. ജില്ലാ ആരോഗ്യ വകുപ്പാണ് സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ സാക്ഷ്യപത്രം അഥവാ സി എല്‍ പട്ടിക തയ്യാറാക്കുക. ഫോറം 19 എ യില്‍ തയ്യാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ.
വോട്ടെടുപ്പിന് പത്ത് ദിവസം മുമ്പ് മുതല്‍ വോട്ടെടുപ്പിന്റെ തലേന്ന് വൈകിട്ട് മൂന്ന് വരെ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് എസ് പി ബി ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. വോട്ടെടുപ്പിന്റെ തലേന്ന് മൂന്ന് മണിക്ക് ശേഷം സി എല്‍ ല്‍ ഉള്‍പ്പെടുന്നവര്‍ക്ക് പോളിങ്ങ് ബൂത്തുകളില്‍ പി പി ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കും. വോട്ട് ചെയ്യാനെത്തിയ മറ്റ് വോട്ടര്‍മാരും ടോക്കണ്‍ ലഭിച്ചവരും വോട്ട് രേഖപ്പെടുത്തിയ ശേഷമാകും ഇവര്‍ക്കുള്ള അനുമതി. ഗ്ലൗസ് ധരിക്കാതെ എസ് വി മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല.
ഒരു ജില്ലയിലെ സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ സാക്ഷ്യപട്ടിക ഫോറം 19 എ യില്‍ തയ്യാറാക്കി ഡി എച്ച് ഒ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്‍കണം. വോട്ടെടുപ്പിന്റെ പത്ത് ദിവസം മുമ്പാണ് ആദ്യ പട്ടിക നല്‍കേണ്ടത്. തുടര്‍ന്നുള്ള എട്ട് ദിവസങ്ങളിലായി വോട്ടെടുപ്പിന്റെ തലേന്ന് മൂന്ന് മണി വരെ ദൈനംദിന പട്ടിക സമര്‍പ്പിക്കണം. കൊവിഡ് പോസിറ്റീവ് ആയവരേയും നിശ്ചിത ദിവസത്തേക്ക് ക്വാറന്റൈയിനില്‍ പോയവരെയും മാത്രമേ സി എല്‍ ല്‍ ചേര്‍ക്കാവൂ. തുടര്‍പട്ടികയില്‍ പുതിയ കൊവിഡ് പോസിറ്റീവ്കാരെ ചേര്‍ക്കണം. ഡി എച്ച് ഒ യുടെ അനുമതിയില്ലാതെ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവരെ സി എല്ലില്‍ ഉള്‍പ്പെടുത്തില്ല.
ഡിസംബര്‍ 14 ന് വോട്ടെടുപ്പ് നടക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ഡിസംബര്‍ അഞ്ചിനാണ് ആദ്യ സി എല്‍ സമര്‍പ്പിക്കേണ്ടത്. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ 13 ന് വൈകിട്ട് മൂന്ന് വരെ തുടര്‍ സി എല്‍ നല്‍കണം. സി എല്ലില്‍ ഉള്‍പ്പെടുകയും വോട്ടെടുപ്പിന് പത്ത് ദിവസത്തിനിടെ നെഗറ്റീവ് ആവുകയോ ക്വാറന്റൈയിന്‍ പൂര്‍ത്തിയാവുകയോ ചെയ്തവര്‍ക്കും എസ് പി ബി വഴി മാത്രമേ വോട്ട് ചെയ്യാനാവൂ.
സ്‌പെഷ്യല്‍ വോട്ടര്‍ക്ക്(എസ് വി) റിട്ടേണിംഗ് ഓഫീസറോട് നേരിട്ടും പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാവുന്നതാണ്. ആരോഗ്യ വകുപ്പില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം (ഫോറം 19 സി) ഫോറം 19 ഡിയിലാണ് അപേക്ഷിക്കേണ്ടത്. ഇതനുസരിച്ച് ആര്‍ ഒ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് നേരിട്ടാണ് ബാലറ്റുകള്‍ എത്തിക്കുക. പോള്‍ ചെയ്ത ബാലറ്റുകള്‍ സീല്‍ ചെയ്ത കവറില്‍ ആര്‍ ഒയ്ക്ക് നേരിട്ട് കൈമാറാവുന്നതോ തപാല്‍ മാര്‍ഗം അയക്കാവുന്നതോ ആണ്.
സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ വിതരണത്തിനും ശേഖരണത്തിനുമായി സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറേയും സ്‌പെഷ്യല്‍ പോളിംഗ് അസിസ്റ്റന്റിനേയും നിയോഗിക്കും.
തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ സ്‌പെഷ്യല്‍ വോട്ടറെ കാണാന്‍ വരുന്ന ദിവസവും സമയവും എസ് എം എസ് വഴിയോ ഫോണിലൂടെയോ വോട്ടറെ അറിയിക്കണം. സ്ഥാനാര്‍ഥികളെയും ഇക്കാര്യമറിയിക്കണം. വേണമെങ്കില്‍ വോട്ടിങ്ങ് രീതി നിരീക്ഷിക്കാന്‍ അവര്‍ക്ക് പ്രതിനിധികളെ അയക്കാവുന്നതാണ്.
ബാലറ്റ് സ്വീകരിക്കാന്‍ സ്‌പെഷ്യല്‍ വോട്ടര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അക്കാര്യം ഫോറം 19 ബിയില്‍ രേഖപ്പെടുത്തണം. എസ് വി യുടെ സത്യവാങ്മൂലം എസ് പി ഒ സാക്ഷ്യപ്പെടുത്തണം. ആശുപത്രിയില്‍ കഴിയുന്ന എസ് വി യുടെ സത്യവാങ്മൂലം മെഡിക്കല്‍ ഓഫീസര്‍ക്ക് സാക്ഷ്യപ്പെടുത്താവുന്നതാണ്. കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാവണം നടപടിക്രമങ്ങള്‍. തപാല്‍ ബാലറ്റ് വിതരണവും തിരികെ സ്വികരിക്കലും വോട്ടെടുപ്പിന്റെ തലേന്ന് വൈകിട്ട് ആറ് മണിക്ക് മുമ്പ് പൂര്‍ത്തിയാക്കണം