തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ അനുവദിച്ചതില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കരുത്
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ അനുവദിക്കപ്പെട്ട എണ്ണം വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥിക്ക് ഒരു വാഹനം മാത്രമേ പാടുള്ളൂ. മുനിസിപ്പാലിറ്റി സ്ഥാനാര്‍ഥിക്ക് രണ്ട് വാഹനങ്ങളും ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാര്‍ഥിക്ക് മൂന്ന്് വാഹനങ്ങളും, കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥിക്ക് പരമാവധി നാല് വാഹനങ്ങള്‍ വരെയും ഉപയോഗിക്കാനാണ് അനുമതി.സ്ഥാനാര്‍ഥികള്‍ വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പൊലീസ് അധികാരിയില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങണം. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അനുവദനീയമായ ശബ്ദത്തിലും സമയപരിധിക്കുള്ളിലുമാണെന്ന് കര്‍ശനമായി ഉറപ്പാക്കണം. രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയില്‍ വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല. സ്ഥാനാര്‍ഥികളുടെയും മറ്റ് പ്രവര്‍ത്തകരുടെയും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായിട്ടാണെന്ന് ഉറപ്പ് വരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.