നാറാത്ത് :- തദ്ദേശ തിരഞ്ഞെടുപ്പിലെ സൂഷ്മ പരിശോധനാ വേളയിൽ നാറാത്ത് പഞ്ചായത്തിൽ മണിക്കൂറുകൾ നീണ്ട പരിശോധനയും നിയമ വശങ്ങളുടെ ഇഴകീറിയുള്ള പരിശോധയ്ക്കു ശേഷം മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ സൈഫുദ്ദീൻ നാറാത്തിൻ്റെ പത്രിക സ്വീകരിച്ചു.
നാറാത്ത് പഞ്ചായത്ത് പതിനേഴാം വാർഡിലെ യുഡി എഫ് സ്ഥാനാർത്ഥിയായി സൈഫുദ്ദീൻ പത്രിക സമർപ്പിച്ചിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് സൈഫുദ്ദീൻ്റെ പത്രിക സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തത്. നിലവിൽ സൈഫുദ്ദീൻ്റെ പേരിൽ കേസിൻ്റെ വിവരങ്ങൾ ചൂണ്ടി കാട്ടി പത്രിക അയോഗ്യയാക്കണമെന്ന ആവശ്യമാണ് ഉയർന്നത്. പ്രസ്തുത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ സാധിക്കില്ലെന്നും നിയമപരമായി പത്രിക സ്വീകരിക്കണമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.
അതോടെ സൈഫുദ്ദീന് കേസിൻ്റെ രേഖകൾ ഹാജരാക്കാൻ വരണാധികാരി സമയം അനുവദിക്കുകയും ചെയ്തു.തുടർന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ കണ്ണൂരിൽ നിന്നും എത്തുകയും കേസിൻ്റെ വിവരങ്ങൾ മുഴുവൻ സമർപ്പിക്കുകയും ചെയ്തു.സ്ഥാനാർത്ഥിത്വം പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട കോടതി പരാമർശങ്ങളും ഹാജരാക്കി.അഡ്വ.ഗോപാലകൃഷ്ണൻ, അഡ്വ.മുനാസ് എന്നിവർ വരണാധികാരി മുമ്പാകെ സൈഫുദ്ദീന് വേണ്ടി ഹാജരായി.
അവസാനം വസ്തുതകളും നിയമ വശങ്ങളും പരിശോധിച്ച് ആറു മണിയോട് കൂടി വരണാധികാരി സൈഫുദ്ദീൻ്റെ പത്രിക സ്വീകരിച്ചതായി അറിയിച്ചു.അങ്ങനെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമമാവുകയായിരുന്നു.
അതോടെ നാറാത്ത് പഞ്ചായത്തിൽ മെത്തം സമർപ്പിക്കപ്പെട്ട 91 പത്രികകളും സ്വീകരിച്ചതായി വരണാധികാരി അറിയിച്ചു.